കേരളത്തിലെ ശാസ്ത്ര ഗവേഷണ മേഖലയ്ക്ക് അഭിമാനമായി മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസസിന്റെ പുതിയ സംവിധാനങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
5 വർഷം മുൻപ് വരെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെ സഹായത്തോടെ പ്രവർത്തിച്ചിരുന്ന ഒരു സൊസൈറ്റി മാത്രമായിരുന്നു. ഇന്നത് ഉന്നത ഗവേഷണ മേഖലകൾ കൈകാര്യം ചെയ്യാൻ പ്രാപ്തമായ ഒരു പൂർണ്ണ ഗവേഷണവികസന സ്ഥാപനമായി വികസിച്ചു. ദക്ഷിണ പൂർവ്വ ഏഷ്യയിലെ ഏറ്റവും വലിയ ജലസസ്യ സംരക്ഷണ കേന്ദ്രമാണിത്. ഈ സ്ഥാപനം ഇന്ന് വികസനത്തിന്റെ പാതയിലാണ്. അതിൻറെ ഭാഗമായി കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി ഇവിടെ പുരോഗമിച്ചുകൊണ്ടിരുന്ന നിർമാണ വികസന പരിപാടികളുടെ ഔദ്യോഗിക പ്രഖ്യാപനമാണ് നടന്നത്.

പൂർണ്ണ സജ്ജമായ ഒരു ഗവേഷണ ലാബ്, നാല് ഗസ്റ്റ് റൂമുകൾ, 44 കിടക്കകളുളള ഡോർമിറ്ററി ഉൾപ്പെടുന്ന ഗസ്റ്റ്ഹൗസ് കോംപ്ലക്‌സ്, പ്രത്യേക സസ്യസംരക്ഷണ കേന്ദ്രങ്ങൾ, ഗാർഡൻ സന്ദർശകർക്കായുളള അമിനിറ്റി കോപ്ലക്‌സ്, മലബാർ അക്വാട്ടിക് ബയോപാർക്ക് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ഥാപനമായി കഴിഞ്ഞ കുറച്ച് നാളുകളായി മാറാൻ മലബാർ ബൊട്ടാണിക്കൽ ഗാർഡന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ ജൈവവൈവിധ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരാനും സസ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന പദ്ധതികൾ ആവിഷ്‌ക്കരിക്കാനും മലബാർ ബൊട്ടാണിക്കൽ ഗാർഡന് സാധിക്കും. ജലസംരക്ഷണം, ജലസസ്യങ്ങളുടെ തനത് ആവാസ വ്യവസ്ഥകളുടെ പുനസൃഷ്ടി, മഴവെള്ള സംഭരണം എന്നിവയാണ് മലബാർ അക്വാട്ടിക് ബയോ പാർക്കിന്റെ ഭാഗമായി നടക്കുക. ഉന്നത ഗവേഷണം കൈകാര്യം ചെയ്യാൻ കഴിയുന്ന പൂർണ ഗവേഷണ സ്ഥാപനമായി മലബാർ ബൊട്ടാണിക്കൽ ഗാർഡൻ മാറിയതായി മുഖ്യമന്ത്രി പറഞ്ഞു.


ജൈവവൈവിധ്യത്തകർച്ച പ്രകൃതിയിൽ സൃഷ്ടിക്കുന്ന ആഘാതം വലുത്: മുഖ്യമന്ത്രി

മനുഷ്യരും ആരോഗ്യവും ജൈവവൈവിധ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും അതിലുണ്ടാകുന്ന തകർച്ച പ്രകൃതിയിൽ സമാനതകളില്ലാത്ത ആഘാതം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ റിസർച്ച് ബ്ളോക്കും ഗസ്റ്റ് ഹൗസും മലബാർ അക്വാട്ടിക് ബയോപാർക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് 19ന്റെ കാലത്ത് ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ട വിഷയം ജൈവവൈവിധ്യമാണ്. വനനശീകരണം, ശുചിത്വമില്ലായ്മ തുടങ്ങി കൊറോണ വൈറസ് വരെ എത്തി നിൽക്കുന്നു മനുഷ്യരാശി നേരിടുന്ന വിപത്തുകൾ. ജൈവവൈവിധ്യ സംരക്ഷണം മുൻഗണനയായി കണ്ട് ഹരിതകേരളം മിഷൻ സ്ഥാപിച്ച് പ്രവർത്തനങ്ങൾ സർക്കാർ ഏകോപിപ്പിച്ചുവരികയാണ്. ശുചിത്വം, മാലിന്യ സംസ്‌കരണം, മണ്ണ് ജല സംരക്ഷണം, ജൈവകൃഷി എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനമാണ് നടത്തുന്നത്. ജനപങ്കാളിത്തമാണ് ഇതിന്റെയെല്ലാം അടിസ്ഥാന ഘടകം.

വിനോദോപാധിക്കും പഠന ഗവേഷണത്തിനും ഒരു പോലെ ഉപയോഗപ്രദമായ പദ്ധതിക്കാണ് മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായിരിക്കുന്നത്. വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് സസ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണിത്. ഇവിടെ താമസിച്ച് പഠനഗവേഷണ പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള സൗകര്യമുണ്ട്. ഗാർഡൻ ഫോർ എഡ്യൂക്കേഷൻ എന്ന പഠന ഗവേഷണ രീതി സജീവമാക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.