തിരുവനന്തപുരം: ജില്ലയിൽ എലിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. രോഗപ്രതിരോധത്തിനായി നൽകുന്ന നിർദേശങ്ങൾ ഗൗരവമായി പാലിക്കണമെന്നും രോഗലക്ഷണമുണ്ടായാൽ അടിയന്തര വൈദ്യസഹായം തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു.

ശരീരത്തിൽ മുറിവുള്ളപ്പോൾഎലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്യങ്ങൾ കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും രോഗകാരണമാകുമെന്ന് ആരോഗ്യ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

പനി, തലവേദന, കാലുകളിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ – ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനി ലക്ഷണങ്ങൾ. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ എലിപ്പനി സംശയിക്കാം. രോഗം ഗുരുതരമായാൽ മരണം വരെ സംഭവിക്കാവുന്നതാണെന്നും മുന്നറിയിപ്പുണ്ട്.

രോഗ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പു പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ, കെട്ടിട നിർമ്മാണതൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ നിർബന്ധമായും കയ്യുറകളും കാലുറകളും ധരിക്കണം. കൈ കാലുകളിൽ മുറിവുള്ളപ്പോൾ കെട്ടികിടക്കുന്ന വെള്ളത്തിൽ ഇറങ്ങിയുള്ള ജോലികൾ ഒഴിവാക്കണം. മലിനജലത്തിൽ നീന്തുകയും ഇറങ്ങി നിന്ന് മീൻ പിടിക്കുകയും ചെയ്യരുത്. കെട്ടികിടക്കുന്ന വെള്ളത്തിൽ ഇറങ്ങി കളിക്കാൻ കുട്ടികളെ അനുവദിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്.

ആഹാര സാധനങ്ങളും വെള്ളവും മൂടി വയ്ക്കണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കണം.ഭക്ഷണാവശിഷ്ടങ്ങൾ തുറസായ സ്ഥലത്ത് ഇടുന്നത് എലി പെരുകാൻ കാരണമാകുമെന്നതിനാൽ അത് ഒഴിവാക്കണം. ഭക്ഷണാവശിഷ്ടങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കണം.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പണിയെടുക്കുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, മൃഗങ്ങളെ പരിപാലിക്കുന്നവർ തുടങ്ങി രോഗസാധ്യത കൂടുതലുള്ളവർ എലിപ്പനി പ്രതിരോധത്തിനായി ഡോക്ടറുടെ നിർദേശപ്രകാരം ആഴ്ചയിലൊരിക്കൽ ആഹാരത്തിനു ശേഷം 200 മില്ലി ഗ്രാം ഡോക്സിസൈക്ലിൻ ഗുളിക 6 മുതൽ 8 ആഴ്ച വരെ കഴിക്കണമെന്നും ഡി.എം.ഒ നിർദേശിച്ചു. ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും.