• എം. സുകുമാരന്റെ കുടുംബത്തിന് ധനസഹായം

അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എം. സുകുമാരന്റെ ഭാര്യ മീനാക്ഷിക്ക് പ്രതിമാസം നാലായിരം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പ്രമുഖ സാഹിത്യകാരൻമാരുടെയും കലാകാരൻമാരുടെയും വിധവകൾക്കും ആശ്രിതർക്കും സഹായം നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ധനസഹായം അനുവദിച്ചത്.

  • എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ പുഴ പുറമ്പോക്ക് വടുതല ജനകീയ കോളനിയിൽ രണ്ടുമുതൽ നാലു സെന്റു വരെ ഭൂമിയിൽ താമസിക്കുന്ന 179 കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിനു വേണ്ടി സ്ഥലം പതിച്ചു നൽകാൻ തീരുമാനിച്ചു. പട്ടയഭൂമി വീടിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പാടില്ല. ശേഷിക്കുന്ന പുഴപുറമ്പോക്ക് ഭൂമിയെ കൈയേറ്റങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് കൊച്ചി കോർപ്പറേഷൻ സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടതാണ്. അതിനു ശേഷമേ പട്ടയം അനുവദിക്കാൻ പാടുളളൂ എന്നാണ് തീരുമാനം.ആറളം ഫാമിംഗ് കോർപ്പറേഷനിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും സ്വയം വിരമിക്കൽ പദ്ധതി തുടർന്നും അനുവദിക്കാൻ തീരുമാനിച്ചു. ഇതിനുവേണ്ടി സർക്കാർ 11.93 കോടി രൂപ അനുവദിക്കും.
  • സംസ്ഥാന പിന്നോക്ക കോർപ്പറേഷൻ ജീവനക്കാർക്ക് 2014 ജൂലൈ മുതൽ ശമ്പളപരിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചു.
  • എക്‌സൈസ് വകുപ്പിൽ അഡീഷണൽ എക്‌സൈസ് കമ്മീഷണർ (ഭരണം) തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
  • തിരുവനന്തപുരം ആനയറയിൽ കെ.എസ്.ആർ.ടി.സിയുടെ കൈവശമുളള മൂന്നര ഏക്കറിൽ 1.78 ഏക്കർ സി.എൻ.ജി / എൽ.എൻ.ജി. ടെർമിനൽ സ്ഥാപിക്കുന്നതിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.
  • ഒഡെപെക്കിൽ പി.എസ്.സി. മുഖേനയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയും ജോലി ലഭിച്ച 6 പേർക്ക് ശമ്പള പരിഷ്‌കരണം അനുവദിക്കാൻ തീരുമാനിച്ചു.
  • ബൗദ്ധിക സ്വത്തവകാശവും ബന്ധപ്പെട്ട വിഷയങ്ങളും നിയമ വകുപ്പിൽ നിന്ന് ശാസ്ത്ര-സാങ്കേതിക വകുപ്പിലേക്ക് മാറ്റാൻ തീരുമാനിച്ചു.