വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തു

ഹാന്റക്‌സിന് സ്വന്തമായി വസ്ത്ര നിര്‍മ്മാണത്തിന് പുതിയ ഗാര്‍മെന്റ് യൂണിറ്റ്. തിരുവനന്തപുരം ഊറ്റുകുഴി ഹാന്റക്‌സിലാണ് 3.15 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ ഗാര്‍മെന്റസ് യൂണിറ്റ് സ്ഥാപിച്ചത്. സര്‍ക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായി വ്യവസായമന്ത്രി ഇ.പി ജയരാജന്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

 

പൊതുമേഖലയിലെ 17 ടെക്‌സ്റ്റൈല്‍സ് മില്ലുകളിലും ഗാര്‍മെന്റസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരോ യൂണിറ്റിലും 100 സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനാണ് ആലോചിക്കുന്നത്.

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളിലൂടെ കൂടുതല്‍ തൊഴില്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ പുതിയ വിപണി കണ്ടെത്തുകയും ഡോര്‍ ടു ഡോര്‍ അടക്കമുള്ള വിപണന സാധ്യത തേടണമെന്നും മന്ത്രി നര്‍ദ്ദേശിച്ചു.
ആധുനിക തയ്യല്‍ ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിസൈനിംഗ് എംബ്രോയിഡറി യന്ത്രമടക്കം 35 ഓളം ഉപകരണങ്ങളാണ് യൂണിറ്റില്‍ സ്ഥാപിച്ചിരിക്കുന്നത്. ഒരു ദിവസം 500 ഷര്‍ട്ടുകള്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
ചടങ്ങില്‍ ഹാന്റക്‌സ് പ്രസിഡന്റ് എന്‍. രതീന്ദ്രന്‍, കൗണ്‍സിലര്‍ എസ്. പുഷ്പലത, കൈത്തറി ഡയറക്ടര്‍ കെ.സുധീര്‍, വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജീവ്, ഹാന്റക്‌സ് വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.