സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം

ഒരുവിധ സംവരണത്തിനും അര്‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഇന്ന് മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും.

103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നോക്കവിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള  മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങളില്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നതിനും റിട്ട ജഡ്ജി കെ. ശശീധരന്‍ നായര്‍ ചെയര്‍മാനും അഡ്വ. കെ. രാജഗോപാലന്‍ നായര്‍ മെമ്പറുമായി ഒരു കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. കുടുംബവരുമാനവും സാമ്പത്തികമായ പിന്നോക്കാവസ്ഥയും കണക്കിലെടുത്താണ് സംവരണത്തിനര്‍ഹമായവരെ തീരുമാനിക്കുന്നത്.

നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കുമായി 50 ശതമാനം സംവരണമാണ് നല്‍കുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്.


സമൂഹമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമ ഭേദഗതി

സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് വലിയ ഉല്‍കണ്ഠ ഉളവാക്കുന്നുണ്ട്. അടുത്ത കാലത്ത് സൈബര്‍ വേദികള്‍ ഉപയോഗിച്ച് നടത്തിയ ചില കുറ്റകൃത്യങ്ങള്‍ നമ്മുടെ സ്ത്രീ സമൂഹത്തിനിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സ്വകാര്യജീവിതത്തിനും സൈബര്‍ ആക്രമണങ്ങള്‍ വലിയ ഭീഷണിയായിരിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന് കണ്ടതിനാല്‍ പോലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ഭേദഗതി, ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

നിലവിലുള്ള പോലീസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചരണങ്ങളെ കുറിച്ച് കേരള ഹൈക്കോടതി തന്നെ കഴിഞ്ഞ മെയ് മാസം ഒരു കേസില്‍ പരാമര്‍ശിച്ചിരുന്നു. വര്‍ധിച്ചുവരുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങളും വിദ്വേഷ പ്രസ്താവനകളും ഏറെ വര്‍ധിച്ചതായിട്ടാണ് കാണുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണ് എന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പോലീസിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.


16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നവംബര്‍ ഒന്നു മുതല്‍

കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധിയുണ്ടാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി 16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നിര്‍ണയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നവംബര്‍ ഒന്നിന് ഈ പദ്ധതി നിലവില്‍ വരും.

മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നീ 16 ഇനങ്ങള്‍ക്കാണ് അടിസ്ഥാന വില ഉറപ്പാക്കുന്നത്. ഉൽപ്പാദനച്ചെലവും ഉൽപാദനക്ഷമതയും കണക്കിലെടുത്താണ് അടിസ്ഥാന വില തീരുമാനിക്കുക. വിപണിവില ഇതിലും കുറയുമ്പോള്‍ അടിസ്ഥാന വില കര്‍ഷകന് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലൂടെ കര്‍ഷകര്‍ക്ക് വിലസ്ഥിരതയും നല്ല വരുമാനവും ഉറപ്പാക്കാന്‍ കഴിയും. വിപണിവിലയുടെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാനും ഇത് സഹായിക്കും. അതിനാല്‍ അടിസ്ഥാനവില നിശ്ചയിച്ചിട്ടുള്ള വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് താല്പര്യമുണ്ടാകും. സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം ഗണ്യമായി വര്‍ധിക്കാന്‍ ഇത് ഇടയാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരണ വകുപ്പുമായും ചേര്‍ന്നാണ് കൃഷി വകുപ്പ് ഈ പദ്ധതി നടപ്പാക്കുക. ലിസ്റ്റ് ചെയ്തിട്ടുള്ള വിളകള്‍ കര്‍ഷകരില്‍ നിന്ന് വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ്, മൊത്തവ്യാപാര വിപണികള്‍ എന്നിവ വഴി സംഭരിക്കും. ഒരു പഞ്ചായത്തില്‍ ഒരു വിപണിയെങ്കിലും തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ 250 വിപണികളില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വിളകള്‍ സംഭരിക്കും. ഒരു കര്‍ഷകന് ഒരു സീസണില്‍ 15 ഏക്കര്‍ സ്ഥലത്തിനു മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകൂ.

വിപണി വില അടിസ്ഥാന വിലയിലും താഴെ പോകുകയാണെങ്കില്‍ പ്രാഥമിക സംഘങ്ങള്‍ക്ക് ഗ്യാപ് ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും. ഇതു സംബന്ധിച്ച കാര്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ അധ്യക്ഷന്‍ ചെയര്‍മാനായും പ്രാഥമിക കാര്‍ഷിക സഹകരണ സംഘം പ്രസിഡന്‍റ് വൈസ് ചെയര്‍മാനായും ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണ്.

കൃഷി വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത് എ.ഐ.എം.എസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനെ ആധാരമാക്കിയായിരിക്കും. കര്‍ഷകരുടെ രജിസ്ട്രേഷന്‍, പ്രദേശവും ഉല്‍പാദനവും നിര്‍ണയിക്കല്‍, പ്രാദേശിക ഉല്‍പന്നമാണെന്ന് സാക്ഷ്യപ്പെടുത്തല്‍ എന്നിവ എ.ഐ.എം.എസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. സംഭരണ ഏജന്‍സികള്‍ക്കെല്ലാം ബാധകമാകുന്ന പ്രവര്‍ത്തന നടപടിക്രമങ്ങള്‍ കൃഷി വകുപ്പ് തയ്യാറാക്കുന്നതാണ്.

വിപണിവില ഓരോ ഉല്‍പന്നത്തിനും നിശ്ചയിച്ച അടിസ്ഥാനവിലയേക്കാള്‍ താഴെ പോകുമ്പോള്‍ സംഭരണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിലയുടെ വ്യത്യാസം കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൃഷി വകുപ്പ് നല്‍കും. സംഭരിച്ച വിളകള്‍ ‘ജീവനി-കേരളാ ഫാം ഫ്രഷ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ്’ എന്ന ബ്രാന്‍ഡില്‍ വില്‍ക്കാനാണ് തീരുമാനം.

പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനും കാലാകാലങ്ങളില്‍ അടിസ്ഥാന വില പുതുക്കി നിശ്ചയിക്കുന്നിതിനും പുതിയ വിള ഉള്‍പ്പെടുത്തുന്നതിനും അഡീഷണല്‍ ചീഫ് സെക്രട്ടറി (ഏകോപനം) ചെയര്‍മാനും കാര്‍ഷികോല്‍പാദന കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായി സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കുന്നതാണ്. സംസ്ഥാനതല കമ്മിറ്റി അടിസ്ഥാനവില പുതുക്കി നിശ്ചയിക്കുമ്പോള്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ സമര്‍പ്പിക്കേണ്ടതാണ്.

പ്രിസിഷന്‍ ഫാമിംഗ് (സൂക്ഷ്മ കൃഷി) വഴി ഉല്‍പാദിപ്പിക്കുന്ന വിളകളുടെ അടിസ്ഥാന ഉല്‍പാദനക്ഷമത പഠിച്ച ശേഷം ആവശ്യമായ തീരുമാനം എടുക്കുന്നതിന് കൃഷിവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


മാറ്റിവെച്ച ശമ്പളം പി.എഫില്‍ ലയിപ്പിക്കും

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മൊത്ത ശമ്പളത്തിന്‍റെ 20 ശതമാനം (ആറു ദിവസത്തെ) 2020 ഏപ്രില്‍ മുതല്‍  മാറ്റിവെച്ചിരുന്നു. ഇങ്ങനെ മാറ്റിവെച്ച ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഉടനെ പണമായി തിരിച്ചുനല്‍കുകയാണെങ്കില്‍ 2500 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഇന്നത്തെ വിഷമം പിടിച്ച സാഹചര്യത്തില്‍ അത് സര്‍ക്കാരിന് താങ്ങാനാകില്ല. അതുകൊണ്ടാണ് പി.എഫില്‍ ലയിപ്പിക്കുന്നത്. ഇങ്ങനെ പി.എഫില്‍ ലയിപ്പിക്കുന്ന തുക 2021 ജൂണ്‍ ഒന്നിനു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. പി.എഫില്‍ ലയിപ്പിക്കുന്ന തീയതി മുതല്‍ പി.എഫ് നിരക്കില്‍ പലിശ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പെന്‍ഷന്‍കാരുള്‍പ്പെടെ പി.എഫ് ഇല്ലാത്തവര്‍ക്ക് 2021 ജൂണ്‍ ഒന്നു മുതല്‍ ഓരോ മാസത്തേയും തുക തുല്യ തവണകളായി നല്‍കുന്നതാണ്.


കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും റജിസ്ട്രേഷന്‍ ഓണ്‍ലൈനായി പുതുക്കാന്‍ ഓട്ടോമേഷന്‍ സിസ്റ്റം

ഈസ് ഓഫ് ഡൂയിങ് നടപടികളുടെ ഭാഗമായി കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും റജിസ്ട്രേഷന്‍ ഓണ്‍ലൈനായി പുതുക്കുന്നതിന് കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. നിര്‍ദിഷ്ട ഭേദഗതി പ്രകാരം, റജിസ്ട്രേഷന്‍ പുതുക്കുന്നതിന് ലേബര്‍ കമ്മീഷണറുടെ ഓട്ടോമേഷന്‍ സിസ്റ്റം വഴി ഫീസ് അടച്ചാല്‍ മതി. തനിയേ റജിസ്ട്രേഷന്‍ പുതുക്കല്‍ നടക്കും.


15 പുതിയ സൈബര്‍ പോലിസ് സ്റ്റേഷനുകൾ

സംസ്ഥാനത്ത് 15 പുതിയ സൈബര്‍ പോലിസ് സ്റ്റേഷനുകള്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, തൃശ്ശൂര്‍ റൂറല്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, വയനാട്, കാസര്‍കോട് പോലീസ് ജില്ലകളിലാണ് സൈബര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. പുതിയ സ്റ്റേഷനുകളുടെ ചുമതല നിര്‍വഹിക്കുന്നതിന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസിന്‍റെ 15 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും.


കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി: പ്രത്യേക ഉദ്ദേശ കമ്പനി

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ പ്രവര്‍ത്തനത്തിനും നടത്തിപ്പിനുമായി ഒരു പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരള സര്‍ക്കാരിന് 74 ശതമാനം ഓഹരിയും കെ.എം.ആര്‍.എല്ലിന് 26 ശതമാനം സ്വെറ്റ് ഇക്വിറ്റിയുമുള്ള കമ്പനിയാണ് രൂപീകരിക്കുക. 30 വര്‍ഷത്തേക്ക് കൊച്ചി വാട്ടര്‍ മെട്രോയുടെ ആസ്തി ഉപയോഗിക്കാനുള്ള അനുമതി ഈ കമ്പനിക്ക് നല്‍കുന്നതാണ്.


2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍

കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കുള്ള 2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയും  നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും മന്ത്രിസഭ അംഗീകരിച്ചു.

തൊഴില്‍ നിയമം-ഇന്‍ഡസ്ട്രീയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പിരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രീയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്‍റെ പരിധിയില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.


തസ്തിക

മലപ്പുറം ചാപ്പനങ്ങാടി പി.എം.എസ്.എ ഹയര്‍സെക്കന്‍റി സ്കൂളില്‍ എച്ച്.എസ്.ടി (സീനിയര്‍) അറബിക് ടീച്ചര്‍, എച്ച്.എസ്.ടി (ജൂനിയര്‍) മലയാളം ടീച്ചര്‍ എന്നിവയുടെ ഓരോ തസ്തികയും തിരുവനന്തപരും നന്ദിയോട് എസ്.കെ.വി ഹയര്‍സെക്കന്‍ററി സ്കൂളില്‍ എച്ച്.എസ്.ടി (ജൂനിയര്‍) ഹിന്ദിയുടെ ഒരു തസ്തികയും സൃഷ്ടിക്കും.