വാഗമണ്ണിന്റെ അഞ്ച് പ്രവേശന കവാടങ്ങളിലും ഇനി മുതൽ ഹരിത ചെക്ക് പോസ്റ്റും കാവൽക്കാരും. വാഗമണ്ണിലേക്കുള്ള അഞ്ച് പ്രധാന കവാടങ്ങളായ ഏലപ്പാറ ടൗൺ, വട്ടപ്പതാൽ, പുള്ളിക്കാനം, വാഗമൺ (വഴിക്കടവ്), ചെമ്മണ്ണ് എന്നിവിടങ്ങളാണ് ചെക്ക് പോസ്റ്റുകൾ. ഹരിതകർമ്മ സേനാംഗങ്ങളാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റുകളുടെ മേൽനോട്ടം വഹിക്കുക.

സഞ്ചാരികളുടെ വാഹനങ്ങളിലെ പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും ചെക്ക് പോസ്റ്റുകളിൽ ശേഖരിക്കും. അജൈവ പാഴ്‌വസ്തുക്കൾ രണ്ട് സംഭരണ കേന്ദ്രങ്ങളിൽ സൂക്ഷിക്കുകയും നിശ്ചിത ഇടവേളകളിൽ സർക്കാർ സ്ഥാപനമായ ക്ലീൻകേരള കമ്പനിയാണ് നീക്കം ചെയ്യുകയും ചെയ്യും. സംസ്ഥാനത്തെ ആദ്യ ഹരിത ചെക്ക് പോസ്റ്റുകളാണ് ഏലപ്പാറ ഗ്രാമപ്പഞ്ചായത്തിലേതെന്ന് ഹരിത കേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ പറഞ്ഞു. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടവും ഹരിതകേരളം മിഷനും ഏലപ്പാറ ഗ്രാമപ്പഞ്ചായത്തുമായി ചേർന്നാണ് മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ചെക്ക് പോസ്റ്റിന് സമീപത്തെ ഗ്രീൻ കൗണ്ടറുകളിൽ സൗകര്യമുണ്ട്. ടൂറിസം പോയിന്റുകളായ മൊട്ടക്കുന്ന്, പൈൻവാലി പാർക്കിംഗ് ഗ്രൗണ്ട്, പൈൻ വാലി കവാടം, വാഗമൺ, വാഗമൺ ടീ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഗ്രീൻ ഷോപ്പുകളും സജ്ജമാക്കിയിട്ടുണ്ട്.