പട്ടാമ്പിയിൽ ദേശീയ സരസ്-പ്രദർശനവിപണന മേളയുടെ പന്തലിന്റെ കാൽ നാട്ടൽ നഗരസഭ ചെയർമാൻ കെ.പി.വാപ്പുട്ടി നിർവഹിച്ചു. ഇന്ത്യയൊട്ടാകെയുള്ള 300 ഓളം സംരംഭകരുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കുന്ന സ്റ്റാളുകളും ഗ്രാമീണ രുചിഭേദങ്ങൾ ലഭ്യമാകുന്ന ഭക്ഷണശാലകളും ദിവസേന കലാപ്രകടനങ്ങൾ അരങ്ങേറാനുള്ള വലിയ വേദിയും അടങ്ങുന്ന ആഘോഷ നഗരിയാണ് സരസ് മേളയ്ക്കായി പട്ടാമ്പിയിലൊരുങ്ങുന്നത്. മാർച്ച് 29 മുതൽ ഏപ്രിൽ ഏഴു വരെ നടക്കുന്ന സരസ് മേളയിൽ പ്രവേശനം സൗജന്യമാണ്. പട്ടാമ്പി ആദ്യമായാണ് ഒരു ദേശീയ മേളയ്ക്ക് വേദിയാകുന്നത്. പെരിന്തൽമണ്ണ റോഡിൽ മത്സ്യ മാർക്കറ്റിനു സമീപത്തെ നഗരസഭാ ഗ്രൗണ്ടിലാണ് മേള നടക്കുക. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം.മുഹമ്മദലി, കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് പി.സുമിത, സംഘാടക സമിതി ജനറൽ കൺവീനർ പി.സൈതലവി, സംഘാടക സമിതി ഭാരവാഹികളായ എൻ.പി. വിനയകുമാർ, ഇ.പി.ശങ്കരൻ, ടി.പി.ഷാജി, രാധാകൃഷ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.