പാലക്കാട്: അകത്തേത്തറ ശബരി ആശ്രമത്തില്‍ രക്തസാക്ഷ്യം ഗാന്ധി സ്മൃതി മണ്ഡപത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഹോസ്റ്റല്‍, ഓഫീസ് കെട്ടിടങ്ങളില്‍ അവസാനഘട്ട പ്രവൃത്തികളായ ടൈല്‍ പാകലാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ചുറ്റുമതില്‍ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഓഫീസ് കെട്ടിടത്തിന്റെയും വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലിന്റെയും നിര്‍മാണ പ്രവൃത്തികള്‍ ഒരേ സമയമാണ് നടക്കുന്നത്.

കുളത്തിന്റെ സംരക്ഷണഭിത്തി നിര്‍മാണവും കുളപ്പുര നിര്‍മാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ 6800 ചതുരശ്ര അടിയില്‍ ഹോസ്റ്റല്‍ ബ്ലോക്ക്, ഓഫീസ് സൗകര്യങ്ങള്‍, കണ്‍ട്രോള്‍ മുറി, സെക്യൂരിറ്റി മുറി, കവാടം, കുളപ്പുര, പാതകള്‍, ലാന്‍ഡ് സ്‌കേപ്പിങ് എന്നിവയാണ് ഒരുക്കുന്നത്. ഹോസ്റ്റല്‍ ബ്ലോക്കില്‍ 36 കുട്ടികള്‍ക്ക് താമസിക്കാനുള്ള 12 മുറികള്‍, വാര്‍ഡന്റെ മുറി, സ്വീകരണമുറി, രോഗിമുറി, അടുക്കള, സ്റ്റോര്‍ മുറി, ഡൈനിങ് ഹാള്‍, ഷെഡ് എന്നിവ ഒന്ന് വീതവും രണ്ട് അതിഥി മുറികളും നാല് ശൗചാലയങ്ങളും ഉണ്ടാകും. സ്വീകരണമുറി, ഓഫീസ് ലോബി, ശൗചാലയം എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫീസ് സൗകര്യങ്ങള്‍.

ഫെബ്രുവരിയോടെ ഹോസ്റ്റല്‍, ഓഫീസ്, കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തികളും കുളം നവീകരണവും പൂര്‍ത്തിയാക്കി കൈമാറാന്‍ കഴിയുമെന്ന് ഹാബിറ്ററ്റ് ടെക്നോളജി ഗ്രൂപ്പ് എന്‍ജിനീയര്‍ മണികുമാര്‍ പറഞ്ഞു. നിലവിലുണ്ടായിരുന്ന അടുക്കളയോട് ചേര്‍ന്ന ഭാഗം പൊളിച്ചാണ് ഹോസ്റ്റല്‍ കെട്ടിടം പണിയുന്നത്. പഴമ നിലനിര്‍ത്തിയാണ് മ്യൂസിയം നിര്‍മിക്കുക. 2019 ഒക്ടോബര്‍ 21 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശബരി ആശ്രമത്തില്‍ രക്തസാക്ഷി സ്മൃതിമണ്ഡപത്തിന് ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചത്.

അഞ്ചു കോടി ചെലവില്‍ സാംസ്‌കാരിക വകുപ്പാണ് രക്തസാക്ഷ്യം സ്മൃതി മണ്ഡപം നിര്‍മിക്കുന്നത്. ഹാബിറ്ററ്റ് ടെക്നോളജി ഗ്രൂപ്പിനാണ് നിര്‍മാണ ചുമതല. 2.60 കോടിയാണ് ഒന്നാം ഘട്ടത്തിനായി വകയിരുത്തിയത്. ശബരി ആശ്രമത്തിലെ ചുറ്റുപാടുകളും മരങ്ങളും പൂര്‍ണമായും സംരക്ഷിച്ചാണ് നിര്‍മാണം നടത്തുന്നത്.  രണ്ടാം ഘട്ടത്തിലാണ് സെമിനാര്‍ ഹാളും ലൈബ്രറിയും പൂര്‍ത്തിയാക്കുക. ഒന്നും രണ്ടും ഘട്ടങ്ങളില്‍ മൊത്തം ചെലവ് അഞ്ച് കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. മഹാത്മാ ഗാന്ധിജി മൂന്ന് തവണ സന്ദര്‍ശിച്ച ഇടമാണ് ശബരി ആശ്രമം. കസ്തൂര്‍ബാ ഗാന്ധിയോടൊപ്പം ഗാന്ധിജി താമസിച്ച അപൂര്‍വം സ്ഥലങ്ങളില്‍ ഒന്നാണ് ശബരി ആശ്രമം. ശ്രീനാരായണ ഗുരുവും മറ്റു സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സന്ദര്‍ശിച്ച സ്ഥലം കൂടിയാണ് ശബരി ആശ്രമം. 1923 ല്‍ ടി. ആര്‍. കൃഷ്ണസ്വാമി അയ്യരാണ് ശബരി ആശ്രമം സ്ഥാപിച്ചത്.