സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മടിക്കൈ ഐഎച്ച്ആര്‍ഡി മോഡല്‍ കോളേജിന് അവാര്‍ഡിന്റെ തിളക്കം. ഇത്തവണ മികച്ച സാമൂഹ്യസേവനത്തിന് ട്രിപ്പിള്‍ അവാര്‍ഡാണ് കോളേജ് നേടിയിരിക്കുന്നത്. ചെങ്ങന്നൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍  നടന്ന ചടങ്ങില്‍ സംസ്ഥാനത്തെ ഐ എച്ച് ആര്‍ ഡി യുടെ കീഴിലുള്ള ഏറ്റവും മികച്ച എന്‍എസ്എസ് യൂണിറ്റ് ആയി മടിക്കൈ ഐഎച്ച്ആര്‍ഡി മോഡല്‍ കോളേജിനെ ഡയറക്ടര്‍    ഡോ.പി.സുരേഷ് കുമാര്‍ പ്രഖ്യാപിച്ചു. ഇത് ആദ്യമായാണ് യൂണിറ്റിന് അവാര്‍ഡ് ലഭിക്കുന്നത്. ഏറ്റവും മികച്ച പ്രോഗ്രാം   ഓഫീസറായി മടിക്കൈ ഐഎച്ച്ആര്‍ഡി മോഡല്‍ കോളേജിലെ പി.സുമി രണ്ടാമതും  തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച വളണ്ടിയര്‍ അവാര്‍ഡ് മൂന്നാമതും കോളേജിനെ തേടിയെത്തി. കെ.മിഥുന്‍കുമാര്‍ ആണ് ഏറ്റവും മികച്ച  വളണ്ടിയറായി തിരഞ്ഞെടുക്കപ്പെട്ടത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിലും, പരിസ്ഥിതി പ്രവര്‍ത്തനത്തിലും, പാലിയേറ്റിവ് രംഗത്തും, ഭക്ഷണപ്പൊതി വിതരണത്തിലും, ഉപജീവനമാര്‍ഗം ഒരുക്കികൊടുക്കുന്നതിലും, നിര്‍ദ്ധനര്‍ക്ക് വീട് പണി പൂര്‍ത്തിയാക്കി കൊടുക്കുന്നതിലും കോളേജ് മുന്നിട്ട് നില്‍ക്കുന്നു.
മാതൃകാപരമായ പ്രവര്‍ത്തനമാണ് എന്‍ എസ് എസ് യൂണിറ്റ് കാഴ്ചവെക്കുന്നത്. ചെങ്ങന്നൂരില്‍ നടന്ന ചടങ്ങില്‍ കോളേജിന്റെ ട്രോഫിയും ട്രിപ്പിള്‍ അവാര്‍ഡും പി.സുമി ഡയറക്ടര്‍ ഡോ.പി.സുരേഷ് കുമാറില്‍ നിന്ന് ഏറ്റ് വാങ്ങി.