രാസവളം കലരാത്ത നടന്‍ പച്ചക്കറി ലഭ്യമാക്കാന്‍ നാടൊട്ടാകെ ഞാറ്റുവേല ചന്തകള്‍ തുടങ്ങുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. മണ്‍ട്രോതുരുത്ത് പഞ്ചായത്ത് കൃഷി ഭവന്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി കര്‍ഷകരിലേക്കെത്തിക്കാന്‍ ജൂലൈ മുതല്‍ വാര്‍ഡുതല കര്‍ഷക സഭകള്‍ സംസ്ഥാനത്താകെ നടത്തും. കഴിഞ്ഞ 20 മാസത്തിനിടെ പച്ചക്കറി കൃഷി ഉദ്പാദനം ഒമ്പതര ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്താന്‍ കഴിഞ്ഞു. കൃഷി കൂടിയത് വഴി ഭൂഗര്‍ഭ ജലത്തിന്റെ തോതും ഉയര്‍ന്നു. ഇനി ഉദ്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ആരോഗ്യമുള്ള വിള സാന്നിദ്ധ്യം ഉറപ്പാക്കണ്ടതുണ്ട്. സംസ്ഥാനത്തുടനീളം ആവശ്യമായ അഗ്രോ ക്ലിനിക്കുകള്‍ സ്ഥാപിച്ച് അരോഗ വിളകള്‍ ഉറപ്പാക്കും.
മണ്‍ട്രോതുരുത്തില്‍ കാലാവസ്ഥാ വ്യതിയാനം വഴി കാര്‍ഷിക മേഖലയിലുണ്ടായ മാറ്റം പഠിക്കാന്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് വിദഗ്ധ സംഘം എത്തുമെന്നും മന്ത്രി അറിയിച്ചു. ഓണത്തിനൊരു മുറം പച്ചക്കറി മത്സരത്തില്‍ ഒന്നാമതെത്തിയ നിര്‍മല എന്ന കര്‍ഷകയെ മന്ത്രി ആദരിച്ചു. ഈ പദ്ധതി വരും വര്‍ഷങ്ങളിലും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി അധ്യക്ഷ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, മണ്‍ട്രോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.