സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡും കൊല്ലം നഗരസഭയും സംയുക്തമായി തയ്യാറാക്കിയ അനുയോജ്യ ഭൂവിനിയോഗ മാതൃകയുടെ ഉദ്ഘാടനവും റിപ്പോര്‍ട്ട് പ്രകാശനവും മേയര്‍ വി. രാജേന്ദ്രബാബു നിര്‍വഹിച്ചു.
നഗരസഭാ പ്രദേശത്തെ നിലവിലുള്ള ഭൂവിഭവങ്ങളെ പഠന വിധേയമാക്കിക്കൊണ്ട് വാര്‍ഡ് അടിസ്ഥാനത്തിലുള്ള ഭൂവിനിയോഗം, ജലവിഭവം, വാര്‍ഡ് അതിരുകള്‍, വാര്‍ഡുകളിലെ നിലവിലുള്ള പ്രശ്‌നങ്ങള്‍ എന്നിവ പ്രാഥമിക വിവരശേഖരണത്തിലൂടെയും ഉപഗ്രഹ ചിത്രങ്ങളുടെയും സഹായത്തോടെയാണ് തയ്യാറാക്കിയിട്ടുള്ളത്.
പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി, ചീഫ് ടൗണ്‍ പ്ലാനര്‍ എം.വി. ശാരി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ. സത്താര്‍, എസ്. ജയന്‍, ചിന്ത എല്‍. സജിത്ത്, ടി.ആര്‍. സന്തോഷ്‌കുമാര്‍, എസ്. ഗീതാകുമാരി, ഷീബ ആന്റണി, വി.എസ്. പ്രിയദര്‍ശന്‍, സെക്രട്ടറി പി.ആര്‍. രാജു, ഭൂവിനിയോഗ ബോര്‍ഡ്  ഡെപ്യൂട്ടി ഡയറക്ടര്‍ ബി. അനീഷ്‌കുമാര്‍, കാര്‍ട്ടോഗ്രാഫര്‍ വി. ജ്ഞാനപ്രകാശ്, ഹൈഡ്രോജിയോളജി സ്‌പെഷ്യലിസ്റ്റ് എസ്. കുമരേശന്‍ തുടങ്ങിവര്‍ പങ്കെടുത്തു.