സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ബോധവത്ക്കരണ സെമിനാര്‍ പരമ്പര തുടരുന്നു. ചടയമംഗലത്ത് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാലിന്യം വലിച്ചെറിയുന്ന ശീലം ഉപേക്ഷിച്ചാല്‍ ഒട്ടേറെ രോഗങ്ങളെ അകറ്റാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വം ഉപ്പാക്കാന്‍ ഓരോരുത്തരും മുന്‍കൈയെടുക്കണം. അതുവഴി രോഗപ്രതിരോധം തന്നെയാണ് സാധ്യമാവുകയെന്നും എം.എല്‍.എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി അധ്യക്ഷയായി. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര, ബി.ഡി.ഒ ബീനാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ശശി, നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപര്‍വൈസര്‍ എം. നാരായണന്‍ എന്നിവര്‍ ക്ലാസെടുത്തു.
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പ്, ഗ്രാമവികസന വകുപ്പ്, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ  നടത്തുന്ന സെമിനാറില്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.