ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മാരായമംഗലം ഹയർസെക്കന്ററി സ്കൂളിൽ രാജ്യാന്തര നിലവാരത്തിൽ നിർമ്മിച്ച ആധുനിക സിന്തറ്റിക് ഫുട്ബോൾ ടർഫ് പട്ടികജാതി -പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ നാടിന് സമർപ്പിച്ചു. കായികരംഗത്ത് ജില്ലയ്ക്ക് മുഖ്യമായൊരു സ്ഥാനമുണ്ടെന്നും ജില്ലാ പഞ്ചായത്ത് കായിക മേഖലയിൽ നടത്തുന്ന ഇടപെടലുകൾ ഈ പാരമ്പര്യം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ സംസ്ഥാനത്തിൻ്റെ കായിക മേഖലയുടെ വളർച്ചയ്ക്ക് ഊർജ്ജം പകരുന്ന നിരവധി പദ്ധതികളാണ് മുന്നോട്ടുവയ്ക്കുന്നത്. കിഫ്ബി മുഖേന എല്ലാ ജില്ലകളിലും ജില്ലാ സ്റ്റേഡിയങ്ങളും 43 പഞ്ചായത്ത്/ മുനിസിപ്പൽ സ്റ്റേഡിയങ്ങളും നിർമ്മിക്കാൻ നടപടി ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഇവ പൂർത്തീകരിക്കുന്നതോടെ 40 ഫുട്ബോൾ ഗ്രൗണ്ടുകളും 24 സിന്തറ്റിക് ട്രാക്കുകളും 24 സ്വിമ്മിംഗ് പൂളുകളും യാഥാർഥ്യമാകും.
മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറു ദിന പരിപാടിയുമായി ബന്ധപ്പെട്ട് സ്പോർട്സ് രംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ പദ്ധതികൾ ഇതിനോടകം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ദീർഘവീക്ഷണത്തോടെ കുട്ടികളിൽ നിന്നും നാളത്തെ കായികതാരത്തെ വാർത്തെടുക്കുന്ന നിരവധി പദ്ധതികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഒളിമ്പിക്സ് മെഡൽ ലക്ഷ്യമിട്ട് ഓപ്പറേഷൻ ഒളിമ്പിയ, ചെറിയ കുട്ടികളെ കണ്ടെത്തി ഫുട്ബോൾ പരിശീലിപ്പിക്കുന്ന ഫിറ്റ്ബോക്സ്, സ്കൂൾ കുട്ടികളുടെ മാനസിക-ശാരീരിക കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള പ്ലേ ഫോർ ഹെൽത്ത്, കുട്ടികളെ നീന്തൽ പഠിപ്പിക്കുന്ന സ്മാഷ് തുടങ്ങിയ പദ്ധതികൾ ഏറെ ശ്രദ്ധിക്കപ്പെട്ടതും കായിക മേഖലയ്ക്ക് ആവേശം നൽകുന്നതുമാണ്. ഫുട്ബോൾ, വോളിബോൾ, കബഡി, വടംവലി എന്നിവയ്ക്കായി ബീച്ച് ഗെയിംസ്‌ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ള കായിക താരങ്ങളെ വാർത്തെടുക്കുന്നതിന് നാല് സ്പോർട്സ് അക്കാദമികളും ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും തൊഴിലും ഉറപ്പുവരുത്തുന്നതാണ് സർക്കാരിന്റെ സ്പോർട്സ് നയം
സ്പോർട്സ് രംഗത്ത് അടിസ്ഥാന സൗകര്യങ്ങളും മികച്ച പരിശീലനവും കായിക താരങ്ങൾക്ക് തൊഴിലും ഉറപ്പുവരുത്തുന്നതാണ് സംസ്ഥാന സർക്കാരിന്റെ സ്പോർട്സ് നയമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് 169 കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ ഇതിനകം ജോലി നൽകിയത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ മെഡൽ നേടിയ 88 പേർക്കും ജോലി നൽകി. പോലീസിൽ 140 പേരെ നിയമിക്കാനും നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയവർക്കും നിയമനം നൽകും.
ദേശീയ – അന്തർദേശീയ മത്സരങ്ങളിൽ സ്വർണം, വെള്ളി, വെങ്കലം മെഡൽ നേടുന്നവർക്ക് സർക്കാർ ജോലിക്കു പുറമേ മികച്ച സാമ്പത്തിക സഹായവും സർക്കാർ നൽകുകയാണ്. കായിക താരങ്ങൾക്ക് പി. എസ്.സി നിയമനങ്ങളിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്തുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. നഴ്സറി തലം മുതൽ മുതിർന്ന പൗരന്മാർ വരെയുള്ളവർക്ക് ശാരീരിക-കായിക ക്ഷമത വർദ്ധിപ്പിക്കാൻ സാക്ഷരതാ മിഷന്റെ മാതൃകയിൽ കേരള കായികക്ഷമത മിഷൻ ആരംഭിക്കും. സ്പോർട്സ് കൗൺസിൽ, വിദ്യാഭ്യാസം ആരോഗ്യം തദ്ദേശസ്വയംഭരണം വകുപ്പുകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഒരു കോടി 26 ലക്ഷം രൂപ അനുവദിച്ചതാണ് ടർഫ് നിർമ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഫുട്ബോൾ ടൂർണ്ണമെന്റുകൾ ഉൾപ്പെടെയുള്ളവ ഇവിടെ സംഘടിപ്പിക്കാനാകും. 62 മീറ്റർ നീളവും 42 മീറ്റർ വീതിയിലുമാണ് കോർട്ട് നിർമാണം. രാത്രികാലങ്ങളിലും ഉപയോഗിക്കാവുന്ന തരത്തിൽ ആവശ്യമായ ലൈറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മൈതാനത്തിന് നാലുഭാഗത്തും നൈലോൺ വലയും സ്ഥാപിച്ചിട്ടുണ്ട്. ഏഴ് വർഷത്തെ ഗ്യാരണ്ടിയിലാണ് സിന്തറ്റിക് ട്രാക്ക് നിർമ്മിച്ചിട്ടുള്ളത്. നിലവിൽ ഗ്യാലറി, ഓഫീസ് സംവിധാനം, ബാത്റൂം എന്നിവയുടെ നിർമ്മാണം കൂടി പൂർത്തിയാക്കാനുണ്ട്.2020 ജനുവരിയിലാണ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ടർഫ് നിർമാണ പ്രവർത്തികൾ ഉൾപ്പെടുത്തി പാലക്കാട്‌ ജില്ലാ ഇൻഫർമേഷൻ ഓഫീസ് നിർമിച്ച വീഡിയോയും പ്രദർശിപ്പിച്ചു.
ഉദ്ഘാടന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയായി. പി.കെ ശശി എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ നാരായണദാസ് എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനുമോൾ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി വസന്ത, നെല്ലായ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. കെ.പ്രേംകുമാർ, യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ സി.എം ശശി എന്നിവർ പങ്കെടുത്തു.