ജലദിന പരിപാടികളില്‍ വേറിട്ട മാതൃക സൃഷ്ടിച്ച് ബേഡകത്തിന്റെ ജലജീവനം. ജലസ്രോതസുകളുടെ ജനകീയ നവീകരണം, ഭക്ഷ്യ സുരക്ഷാ ക്ലാസുകള്‍, ജലയാത്രയും ജല പാര്‍ലമെന്റും, ജല മറിവ് എന്നിങ്ങനെ നൂതനവും കാലികവുമായ പരിപാടികള്‍ ജനകീയമായി ഏറ്റെടുത്ത് ലോക ജലദിനത്തിന് ബേഡകത്തിന്റെ ജലജീവനം.
ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്, ഹരിത കേരളം പദ്ധതി, ഭക്ഷ്യ സുരക്ഷാ വകുപ്പ്,ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്തഭിമുഖ്യത്തിലാണ് ബേഡകത്ത് ജല ദിന പരിപാടികള്‍ നടന്നത്.കൊളത്തൂര്‍ നൊണ്ണിക്കുളം, കുണ്ടംകുഴി പൊതുകുളം, ബേഡകം തോര്‍ക്കുളം തുടങ്ങിയ പൊതുകുളങ്ങള്‍ ജനപങ്കാളിത്തത്തോടെ ശുചീകരിച്ചു ഗ്രാമപഞ്ചായത്തംഗങ്ങള്‍, സാമൂഹ്യ രാഷ്ടീയ നേതാക്കള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ തുടങ്ങി എല്ലാവിഭാഗങ്ങളും ജനങ്ങളും പങ്കാളികളായി.
കുളങ്ങള്‍ക്കരികില്‍ ജലസംഗമങ്ങള്‍ ചേര്‍ന്ന് സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തില്‍ ക്ലാസുകള്‍ നടന്നു. തൊഴിലുറപ്പില്‍ പണി തീര്‍ത്തതും നടന്നു വരുന്നതുമായ കുളങ്ങള്‍, കിണറുകളുടെ പരിസരത്ത് ഗ്രാമപഞ്ചായത്തംഗങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും ജീവനക്കാരുമെത്തി ജല പാര്‍ലമെന്റ് സംഘടിപ്പിച്ചു. കുളങ്ങള്‍ക്കരികില്‍ സംഗമിച്ച തൊഴിലാളികള്‍, കര്‍ഷകരുമായി ജലയാത്രാ സംഘം സംവദിച്ചു. ജലചൂഷണത്തിനെതിരായ സന്ദേശങ്ങളും ജല പുനരുജ്ജീവന മാര്‍ഗങ്ങളും ലളിതമായി ജനങ്ങള്‍ക്ക് വിശദീകരിച്ച് ജലയാത്ര പുതിയ വിജയഗാഥ തീര്‍ത്തു. ആയിരത്തോളം ആളുകളുമായി നേരിട്ട് സംവദിച്ച ജലയാത്ര വൈകിട്ട് 5.30 ന് പെര്‍ളടുക്കം ടാഷ് കോയില്‍ ജലമറിവ് പരിപാടിയോടെ സമാപിച്ചു.
അര നൂറ്റാണ്ടായി ജല തുരങ്കങ്ങള്‍ നിര്‍മിച്ച് പ്രശസ്തനായ ബേഡകത്തുകാരനായ കൊച്ചിയില്‍ കുഞമ്പുവുമായുള്ള മുഖാമുഖത്തോടെയാണ് പരിപാടികള്‍ അവസാനിച്ചത്. നാനാതരം വൈവിധ്യപൂര്‍ണമായ മാതൃകകള്‍ സൃഷ്ടിച്ചു കൊണ്ടാണ് ബേഡകത്തിന്റെ ജലദിനം കടന്നു പോയത്. ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ നടത്തി വരുന്ന വേറിട്ടതും സര്‍ഗാത്മകങ്ങളുമായ നിരവധി സംരംഭങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിച്ചു. കൃഷി, മാലിന്യ സംസ്‌കരണം, ജല സംരക്ഷണ മാര്‍ഗങ്ങള്‍ എന്നിവയില്‍ ഊന്നി നടത്തിയ ജനകീയ ബോധവല്‍ക്കരണത്തിന്റെ ഉദാത്ത മാതൃകയായി മാറി ബേഡകത്തിന്റെ ജലജീവനം. സമൂഹത്തിന്റെ വിവിധ തുറകളിലെ പ്രമുഖരാകെ അണി ചേര്‍ന്ന ജലദിന പരിപാടികളില്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും ആദ്യന്തം പങ്കെടുത്തു.ജല സ്രോതസിന്റെ നവീകരണം ബേഡകത്ത് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാമചന്ദ്രന്‍്, കുണ്ടംകുഴിയില്‍ ഹരിത കേരളം ജില്ലാ കോഡിനേറ്റര്‍ സുബ്രമണ്യന്‍ മാസ്റ്റര്‍, കൊളത്തൂരില്‍ എ മാധവന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ബെന്നി ജോസഫ്, ഡോ. നിത്യാ ചാക്കോ, ഡോ.അനീഷ് ഫ്രാന്‍സിസ് എന്നിവര്‍ ഭക്ഷ്യ സുരക്ഷാ സന്ദേശം നല്‍കി. മുന്നാട് ധിഷണാ അക്കാദമിയിലും ഭക്ഷ്യ സുരക്ഷാ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. വിവിധ പരിപാടികളില്‍ വൈസ് പ്രസിഡന്റ് കെ രമണി, എം സുകുമാരന്‍ പായം, എം ശാന്തകുമാരി, എം അനന്തന്‍, ജയപുരം ദാമോദരന്‍, ശശിധരന്‍ നെടുവോട്ട്, പ്രശാന്ത് പായം ,അബ്ബാസ് ഹാജി, റഹിം, ടി അപ്പ, എ ദാമോധരന്‍, കെ.മുരളീധരന്‍, ഇ.രാഘവന്‍, ചാളക്കാട് രാധാകൃഷ്ണന്‍ , ബേഡഡുക്ക ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.കെ സബിത , തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ  എസ് വി ഗോപന്‍, ശ്രിബിന്‍, മെമ്പര്‍മാരായ കൃഷ്ണവേണി സി.കുഞ്ഞിക്കണ്ണന്‍, വി.ദിവാകരന്‍, ബി. രോഹിണി, കൃപാ ജ്യോതി സംസാരിച്ചു.. തുരങ്ക വിദ്വാന്‍ കൊച്ചിയില്‍ കുഞ്ഞമ്പുവിനെ പരിസ്ഥിതി പ്രവര്‍ത്തകന്‍ അബ്ദുള്‍ ഖാദര്‍ ഷാളണിയിച്ചു ആദരിച്ചു.ലോക ജലദിനത്തിന് ബേഡകത്തിന്റെ സവിശേഷ കയ്യൊപ്പ് ചാര്‍ത്തിയ ജലജീവനം ബേഡകത്തിന്റെ മറ്റൊരു വേറിട്ട മാതൃകയായി ചരിത്രത്തില്‍ ഇടം നേടി.