ജില്ലാ പഞ്ചായത്തിന് ഐ.എസ്.ഒ 9001: 2015 സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും സര്‍ട്ടിഫിക്കേഷന്‍ അവതരണവും ജില്ലാ പഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ നടന്നു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഐ.എസ്.ഒ പ്രഖ്യാപനം നടത്തി.  ജില്ലയുടെ തദ്ദേശ സ്വയംഭരണ ചരിത്രത്തിന് ഗതിവേഗം നല്‍കിയ പ്രസ്ഥാനമെന്ന നിലയില്‍ ജില്ലാ പഞ്ചായത്ത് മാതൃകയാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ഓഫീസ് പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ച് മെച്ചപ്പെട്ട സിവില്‍ സര്‍വീസ് പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിക്കനുസൃതമായി ചിട്ടയോടു കൂടിയുളള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലമാണ് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു. ഈ നേട്ടത്തിനായി പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരേയും പ്രശംസിക്കുന്നതായി അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. റിക്കാര്‍ഡ് റൂം, റാമ്പ് സൗകര്യം, ഫ്രണ്ട് ഓഫീസ്, പേപ്പര്‍ രഹിത ഓഫീസിനായി ഓഫീസിന്റെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണം, സ്ത്രീകള്‍ക്കായി മൂലയൂട്ടുന്നതിനുളള സംവിധാനം, പൊതുജനങ്ങള്‍ക്ക് ടോയ്‌ലറ്റ് സൗകര്യം തുടങ്ങിയ സൗകര്യങ്ങള്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്റെ ഭാഗമായി ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതുമായി ബന്ധപ്പെട്ട ജില്ലാ പഞ്ചായത്തിന്റെ നാളിതുവരെയുളള പ്രവര്‍ത്തനങ്ങളെ കുറിച്ചുളള റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.വിപിപി മുസ്തഫ, അഡ്വ. എ.പി.ഉഷ, ഹര്‍ഷദ് വോര്‍ക്കാടി, കെ.ശ്രീകാന്ത്, പുഷ്പ അമേക്കള,  മുംതാസ് സമീറ, ഷാനവാസ് പാദൂര്‍, എം.നാരായണന്‍ തുടങ്ങിയവരും വിവിധ നിര്‍വഹണ ഉദ്യോഗസ്ഥരും ജില്ലാ പഞ്ചായത്ത് ജീവനക്കാരും പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ ഷംനാദ്.എം.എം സ്വാഗതവും  ഓഫീസ് സ്റ്റാഫ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.