കാസര്‍കോടിന്റെ തനതുകലകളുടെ അവരണവും വിവിധ പരിപാടികളുമായി  ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ തേജസ്വിനി ഫെസ്റ്റ് 2018 ന്  മഞ്ചേശ്വരം സുബ്ബയ്യകട്ട എഎല്‍പിഎസ് കൂടല്‍മേര്‍ക്കളയില്‍ തുടക്കമായി. വിവിധ ഭാഷാ സംഗമവും പരിപാടികളുടെ ഉദ്ഘാടനവും പൈവളിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ ഷെട്ടിയുടെ അധ്യക്ഷതയില്‍  കര്‍ണ്ണാടക സംസ്ഥാന വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കുമാരി നാഗലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്‌റഫ്, കന്നട സാഹിത്യ പരിഷത്ത് പ്രസിഡന്റ് പ്രദീപ് കുമാര്‍ കല്‍ക്കൂറ, ഗഡിനാട് സാംസ്‌കാരിക അക്കാദമി പ്രസിഡന്റ് പ്രഭാകര കല്ലൂരായ, ബ്യാരി അക്കാദമി പ്രസിഡന്റ് ഇസെഡ് എ കയ്യാര്‍, പ്രൊഫ. എ ശ്രീനാഥ, കര്‍ണ്ണാടക ജാനപദപരിഷത്ത് കേരള യൂണിറ്റ് പ്രസിഡന്റ് എ ആര്‍ സുബ്ബയ്യകട്ട, എഎല്‍പിഎസ് കൂടല്‍മേര്‍ക്കള ഹെഡ്മാസ്റ്റര്‍ പി പ്രകാശന്‍ നമ്പൂതിരി എന്നിവര്‍ ആശംസ നേര്‍ന്നു. ചടങ്ങില്‍  മുപ്പതോളം  നാട്ടുപ്രതിഭകളെ ആദരിച്ചു. തുടര്‍ന്ന് യക്ഷഗാനം, കൊയ്ത്ത് നൃത്തം, ദായലു ഗുണിത, മായലു ഗുണിത, കന്യാപ്, കൈമുട്ടിക്കളി, നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികള്‍ നടന്നു.
കാസര്‍കോടിന്റെ ഭാഷാ ഐക്യം സംബന്ധിച്ച് പി പി അടിയോടി, മലാര്‍ ജയറാം റായ് എന്നിവര്‍ സംസാരിച്ചു. വിവിധ ഭാഷാകവിസമ്മേളനം പി ബി അബ്ദുള്‍റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇരുപതോളം കവികള്‍ വിവിധ ഭാഷകളില്‍ കവിത അവതരിപ്പിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  ഇ വി സുഗതന്‍ സ്വാഗതവും എസ് കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ഇന്ന് (25) ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ചരടുകുത്തി കോല്‍ക്കളി, മംഗലംകളി, മുളം ചെണ്ട വാദ്യം, നാടോടി നൃത്തം എന്നിവ അരങ്ങേറും. ഇതോടെ  തേജസ്വിനി ഫെസ്റ്റിന് സമാപനമാകും.