കടലുകാണിപ്പാറയുടെ രണ്ടാംഘട്ട വികസനോദ്ഘാടനം സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കേരളത്തിന്റെ ടൂറിസം ഭുപടത്തില്‍ കടലുകാണിപ്പാറയ്ക്ക് പ്രത്യേക സ്ഥാനമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. സന്യാസിവര്യന്മാര്‍ തപസ്സനുഷ്ഠിച്ചിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കടലുകാണിപ്പാറയിലെ ഗുഹാക്ഷേത്രങ്ങള്‍ കാഴ്ചക്കാര്‍ക്ക് വ്യത്യസ്ത അനുഭവം നല്‍കും. വിശ്വാസവും പ്രകൃതിയുടെ വശ്യസൗന്ദര്യവും ഒന്നിക്കുന്ന ഈ പ്രദേശത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും ഇതിനാവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രമായ ‘ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

1.87 കോടി രൂപ ചെലവില്‍ ലൈറ്റിനിംഗ്, ലാന്‍ഡ്‌സ്‌കേപിംഗ്, ഇറിഗേഷന്‍, സി.സി.ടിവി, ചില്‍ഡ്രന്‍സ് പാര്‍ക്ക്, സംരക്ഷണ വേലി, പൂന്തോട്ടം തുടങ്ങിയ നവീകരണ പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നടത്തുന്നത്.

പുളിമാത്ത് ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ബി. സത്യന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. പുളിമാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ബി. പി മുരളി, പുളിമാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷ റഷീദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ലേഖ, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിന്ദു മണി എന്നിവര്‍ സംബന്ധിച്ചു.