കുറവന്‍- കുറത്തി മലകളെ ബന്ധിപ്പിച്ച് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മ്മിക്കാന്‍ സ്ഥലം കാണിച്ച ആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍ കൊലുമ്പന്റെ നവീകരിച്ച സമാധി സ്മാരകത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30 ന് വെള്ളാപ്പാറയില്‍ നടക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി അധ്യക്ഷത വഹിക്കും.

2012-13 സംസ്ഥാന ബജറ്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതോടെ 2015 ല്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ ഇടുക്കി അണക്കെട്ടിന് സമീപം വെള്ളാപ്പാറയില്‍ പ്രവര്‍ത്തനമാരംഭിച്ച പദ്ധതിയാണിത്. 70 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എംഎല്‍എ ചെയര്‍മാനും എഡിഎം സെക്രട്ടറിയുമായ കമ്മിറ്റി ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സമാധി സ്ഥലത്ത് കൊലുമ്പന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുന്നതിനും കൊത്തുപണികളോടെ കുടീരം നിര്‍മ്മിക്കുന്നതിനും നിലവിലുള്ളവ പരമ്പരാഗത സ്വഭാവത്തോടെ നവീകരിക്കുന്നതിനുമുള്ള പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ടൂറിസം വകുപ്പിന് കൈമാറിയിട്ടുണ്ട്. സ്മാരകത്തിനോട് ചേര്‍ന്ന് ഇടുക്കി ഡാമിന്റെ ചരിത്രം, ഇടുക്കിയുടെ പഴമ, നിര്‍മ്മാണ സമയത്തെ ചിത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ബുക്ലെറ്റും സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടത്തുന്ന സ്റ്റാള്‍ കൂടി സജ്ജമാക്കും.

വെള്ളപ്പാറയില്‍ പൂര്‍ത്തിയായ ചെമ്പന്‍ കൊലുമ്പന്‍ സമാധി ഇടുക്കി ഡാമിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രമാകും. തനത് കേരള തച്ചുശാസ്ത്ര മാതൃകയിലാണ് അഷ്ടകോണ്‍ മണ്ഡപം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഷ്ടകോണ്‍ മണ്ഡപത്തില്‍ കരിങ്കല്ലില്‍ തീര്‍ത്ത പഞ്ച വര്‍ഗപീഠത്തിലാണ് ചെമ്പന്‍ കൊലുമ്പന്റെ അഞ്ചേമുക്കാല്‍ അടി പൊക്കമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത് .27 അടി ഉയരത്തിലാണ് മണ്ഡപം ചെയ്തിരിക്കുന്നത്. തേക്കു തടിയില്‍ മേല്‍ക്കൂരയും ഓട് പാകിയ മേല്‍ക്കൂരയും താഴികകുടവും സ്ഥാപിച്ചു. അതിനോടൊപ്പം ചെമ്പന്‍ കൊലുമ്പനെ സമാധി ചെയ്ത സ്ഥലത്ത് കരിങ്കല്ലില്‍ തീര്‍ത്ത പഞ്ചവര്‍ഗ്ഗ കല്ലറയും സമാധിക്കു സമീപം 20 അടി പൊക്കമുള്ള സിമെന്റില്‍ തീര്‍ത്ത മരവും അതില്‍ ഒരു ഏറുമാടത്തിന്റെ ഒരു മാതൃകയും ചെയ്തിട്ടുണ്ട്. അതിനുചുറ്റും സിമെന്റില്‍ തീര്‍ത്ത ആന, പുലി , മാന്‍ എന്നിവയുടെ ശില്പം നിര്‍മ്മിച്ചിട്ടുണ്ട്.

1976 ല്‍ ഇടുക്കി ജല വൈദുത പദ്ധതി കമ്മീഷന്‍ ചെയ്തതിനോടനുബന്ധിച്ച ഡാമിനോട് ചേര്‍ന്ന് കൊലുമ്പന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. അന്നു പ്രതിമ നിര്‍മ്മിച്ച ശില്പി കുന്നുവിള മുരളി തന്നെയാണ് സമാധി സ്മാരകത്തിന്റെയും ശില്പി.