തിരുവനന്തപുരത്ത് വെള്ളിയാഴ്ച 587 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 715 പേർ രോഗമുക്തരായി. നിലവിൽ 8,547 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.

നെയ്യാറ്റിൻകര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചൽ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി എസ്തർ (78), പറങ്ങോട് സ്വദേശിനി രുഗ്മിണി (58), കാട്ടാക്കട സ്വദേശിനി സുശീല (65), തമ്പാനൂർ സ്വദേശി ശ്രീനാഥ് (28) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 460 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ പത്തുപേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,716 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,997 പേർ വീടുകളിലും 171 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,820 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.