കട്ടപ്പന ഗവ. ഐടിഐ രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായിക പരിശീലന സ്ഥാപനമായി മാറ്റുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കിഫ്ബിയില്‍ നിന്ന് അനുവദിച്ച 5.42 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനാണ് തുടക്കം കുറിച്ചത്. സ്മാര്‍ട് ക്ലാസ് മുറികളും വര്‍ക്ക്‌ഷോപ്പുകളും ഉള്‍പ്പെടുന്ന കെട്ടിടം ഐടിഐയുടെ വികസനത്തിന് വഴിതുറക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആധുനിക കാലത്തിന് അനുസരിച്ചുള്ള എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും പരിശീലന നിലവാരവും ഇവിടെ നിലവില്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി.

1978ല്‍ ആറ് ട്രേഡുകളുമായി പ്രവര്‍ത്തനമാരംഭിച്ച ഐടിഐയില്‍ ഇപ്പോള്‍ 13 ട്രേഡുകളിലായി 650 ഓളം വിദ്യാര്‍ഥികള്‍ പരിശീലനം നേടുന്നുണ്ട്. തോട്ടം മേഖലയില്‍ നിന്നുള്ള തൊഴിലാളികളുടെയും സാധാരണക്കാരുടെയും കുട്ടികള്‍ക്ക് മികച്ച നിലയില്‍ വ്യാവസായിക പരിശീലനം നേടാന്‍ കഴിയുന്ന സ്ഥാപനമായി കട്ടപ്പന ഐടിഐ വികസിച്ചു കഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ട്രെയിനികള്‍ക്ക് മികച്ച പരിശീലനം നല്‍കാന്‍ കഴിയുന്നത് ശ്രദ്ധേയമാണ്.

കിഫ്ബി ധനസഹായത്തോടെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ പത്ത് ഐടിഐകളെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. ഇടുക്കി ജില്ലയുടെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് കട്ടപ്പന ഐടിഐയെ ഒന്നാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വികസിത രാജ്യങ്ങളിലെ തൊഴില്‍ നൈപുണ്യ പരിശീലന സ്ഥാപനങ്ങളോട് കിടപിടിക്കത്തക്ക വിധത്തില്‍ കേരളത്തിലെ ഐടിഐകളിലെ അടിസ്ഥാന സൗകര്യങ്ങളും പരിശീലന നിലവാരവും ഉയര്‍ത്തും. ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ആധുനിക വര്‍ക്ക്‌ഷോപ്പുകള്‍, ഹോസ്റ്റല്‍, ലൈബ്രറി, സെമിനാര്‍ ഹാള്‍, കളിസ്ഥലം, ഓഡിറ്റോറിയം, ഗ്രീന്‍ കാമ്പസ് തുടങ്ങിയ സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നതോടെ സജ്ജമാകും.
ആഗോള തൊഴില്‍ മേഖലയിലെ മാറ്റങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന വിധത്തില്‍ യുവതലമുറയുടെ നൈപുണ്യശേഷി വര്‍ധിപ്പിച്ചെങ്കിലേ പുതിയ തൊഴിലവസരങ്ങള്‍ നമുക്ക് ഉപയോഗപ്പെടുത്താനാവൂ. പരിശീലന പദ്ധതികളില്‍ നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍ണ്ടേതിന്റെ പ്രാധാന്യം അനുദിനം വര്‍ധിക്കുകയാണ്. കേരളത്തിലെ വ്യാവസായിക പരിശീലന രംഗത്ത് ഇപ്പോഴത്തെ ഗവണ്‍മെന്റ് അധികാരമേറ്റശേഷം ശ്രദ്ധേയമായ മുന്നേറ്റമാണുണ്ടായത്. ആധുനിക നിലവാരത്തിലുള്ള 17 പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ കൂടി ഈ ഗവണ്‍മെന്റ് ആരംഭിച്ചു. അഞ്ച് പുതിയ ഐടിഐകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കട്ടപ്പനയ്ക്കും ചാലക്കുടിക്കും പുറമെ ഏറ്റുമാനൂര്‍, കണ്ണൂര്‍, മലമ്പുഴ, ധനുവച്ചപുരം, കൊയിലാണ്ടി, കൊല്ലം ചന്ദനത്തോപ്പ്, ചെങ്ങന്നൂര്‍, കയ്യൂര്‍ എന്നീ ഐടിഐകളാണ് ആദ്യഘട്ടത്തില്‍ കിഫ്ബി ധനസഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. തിരുവനന്തപുരം ചാക്ക, കോഴിക്കോട് ഐടിഐകള്‍ സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ചും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പന്ത്രണ്ട് ഐടിഐകളും രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായിക പരിശീലന കേന്ദ്രങ്ങളായി മാറും. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ 99 സര്‍ക്കാര്‍ ഐടിഐകളെയും ഉന്നതനിലവാരത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

പ്ലേസ്‌മെന്റ് സെല്ലുകളും സംരംഭകത്വവികസന ക്ലബ്ബുകളും വഴി ട്രെയിനികള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കാനും വകുപ്പ് പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍, മേഖലയിലെയും സ്വകാര്യമേഖലയിലെയും തൊഴില്‍സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് ജോബ് ഫെയറുകളും വഴിയൊരുക്കുന്നു. വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന ജോബ് പോര്‍ട്ടലിനും സ്‌കില്‍ രജിസ്ട്രിക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വൈദ്യുതി മന്ത്രി എംഎം മണി വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന കട്ടപ്പന ഐടിഐ ജില്ലക്ക് അഭിമാനകരമായ നേട്ടമാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ റോഷി അഗസ്റ്റിന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. വ്യവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഡോ. എസ്.ചിത്ര സ്വാഗതം പറഞ്ഞു.കട്ടപ്പന ഗവണ്‍മെന്റ് ഐടിഐയില്‍ ചേര്‍ന്ന പ്രാദേശിക യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ശിലാഫലകം അനാച്ഛാദനം ചെയ്തു.