തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പനവൂര്‍, പള്ളിക്കല്‍ മാവേലി സ്റ്റോറുകളെ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങളെ വൈവിധ്യവത്കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തു വരുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സപ്ലൈകോ വഴി ഗൃഹോപകരണങ്ങളുടെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. പൊതുവിപണിയെക്കാള്‍ 40 ശതമാനം വരെ വിലക്കുറവിലാണ് ഇവ വില്‍ക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സേവനങ്ങള്‍ സപ്ലൈകോ സമയബന്ധിതമായി നടപ്പാക്കിവരുന്നുണ്ട്. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ന്യായവിലയ്ക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാവേലി സ്റ്റോറുകളെ സൂപ്പര്‍മാര്‍ക്കറ്റുകളാക്കി ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പനവൂരില്‍ നടന്ന ചടങ്ങില്‍ ഡി.കെ.മുരളി എം.എല്‍.എയും പള്ളിക്കല്‍ നടന്ന ചടങ്ങില്‍ വി. ജോയി എം.എല്‍.എയും അധ്യക്ഷത വഹിച്ചു. അടൂര്‍ പ്രകാശ് എം.പി ആദ്യ വില്‍പ്പന നടത്തി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു, പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി കിഷോര്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.