ആലപ്പുഴ ജില്ലാ ജയിലിന്റെ പുതിയ കെട്ടിടത്തിന്റെ  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു . സ്വാതന്ത്ര്യലബ്ധിക്കു മുൻപേ പ്രവർത്തനമാരംഭിച്ച ജയിലാണ് ആലപ്പുഴയിലേത് .1955ലാണ് റവന്യൂ വകുപ്പിൽ നിന്നും കെട്ടിടം ജയിൽ വകുപ്പിന് ലഭിച്ചത്. 100 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിൽ 41 തടവുകാരെ മാത്രം പാർപ്പിക്കുവാൻ പരിമിതമായ സൗകര്യങ്ങളാണ് ദീർഘകാലമായി ജയിലിൽ ഉണ്ടായിരുന്നത്. എന്നാൽ പല സാഹചര്യങ്ങളിലും നൂറിലേറെ തടവുകാരെ ജില്ലാ ജയിലിൽ പാർപ്പിക്കേണ്ടി വന്നിട്ടുണ്ട്. 5.5 കോടി രൂപ മുടക്കിൽ 110 തടവുകാരെ പാർപ്പിക്കാനുള്ള ശേഷിയാണ് പുതിയ കെട്ടിടത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിരവധി പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. ഭക്ഷ്യശൃംഖലയുടെ ഭാഗമായ ഫ്രീഡം ഫുഡ് പാക്ക് ദേശീയ തലത്തിൽ തന്നെ മാതൃകയായി മാറി. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ചെറുതും വലുതുമായ പദ്ധതികളുണ്ട്. സർക്കാരിനും ചെറുതല്ലാത്തൊരു ഒരു തുക ഖജനാവിലേയ്ക്കായി ലഭിക്കുന്നുണ്ട്. തടവുകാർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകിവരുന്നുണ്ട്. അന്തേവാസികളുടെ സേവനതല്പരത എടുത്തുപറയേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജയിലിൽ ജോലിചെയ്ത് ലഭിക്കുന്ന തുച്ഛമായ തുകയിൽ നിന്നും കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ബാധിച്ച പ്രകൃതി ദുരന്തങ്ങളിൽ അവർ നല്കിയ സാമ്പത്തിക സഹായം വിലമതിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ചരിത്ര സ്മാരകങ്ങളിൽ ഒന്നാണ് ജില്ലയിലെ നിലവിലുള്ള. പുതിയത് നിർമിച്ചിട്ടും ജയിൽ നിലനിർത്തിയിരുന്നത് അതിന്റെ പ്രാധാന്യം കൊണ്ട് മാത്രമാണ്. ജയിലിൽ കഴിയുന്ന അന്തേവാസികൾക്ക് ഭരണഘടനാപരമായ എല്ലാ സ്വാതന്ത്ര്യങ്ങളും നൽകാൻ വേണ്ട സൗകര്യങ്ങൾ വർധിപ്പിക്കുക എന്നതാണ് പുതിയ കെട്ടിടം നിർമ്മിച്ചത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലാ എല്ലാ മേഖലയിലും വികസിക്കുകയാണ്. റോഡുകളിലറിയാം ജില്ലയുടെ വികസനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

നിലവിലുള്ള ജില്ലാ ജയില്‍ കാലപ്പഴക്കത്താലും സ്ഥലപരിമിതിയാലും വീര്‍പ്പുമുട്ടുന്ന അവസ്ഥയില്‍, ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ ജയില്‍ കെട്ടിടം നിര്‍മിച്ചത്. മൂന്നു നിലകളിലായാണ് കെട്ടിടം പണിതിരിക്കുന്നത്. താഴത്തെ നിലയിൽ സൂപ്രണ്ടിൻറെ മുറി, വാർഡന്റെ മുറി, ജനറൽ ഓഫീസ്, ഡോക്ട്ടേഴ്സ് റൂം , ഇന്റർവ്യൂ റൂം, വെയിറ്റിംഗ് റൂം ,മീറ്റിംഗ് സ്പേസ് കോമൺ സെല്ലുകൾ ,സിംഗിൾ സെല്ലുകൾ ,എന്നിങ്ങനെ നിരവധി റൂമുകളാണ് നിർമിച്ചിരിക്കുന്നത്. ഒന്നാം നിലയിൽ കോൺഫറൻസ് ഹാൾ കോമൺ സെല്ലുകൾ , ഓഫീസ് റൂം , വെൽഫെയർ ഓഫീസറുടെ റൂം തുടങ്ങിയവയും നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. 142 മീറ്റർ ചുറ്റുമതിൽ ,ഫെൻസിങ് എന്നിവയുടെ നിർമാണവും പൂർത്തീകരിച്ചിട്ടുണ്ട് .