എറണാകുളം: കുടുംബശ്രീ ജില്ലാമിഷന് കീഴിൽ ശ്രീഷോപ്പി എന്ന പേരിൽ ഹോംഷോപ്പ് പ്രവർത്തനം ആരംഭിച്ചു. പദ്ധതിക്ക് കീഴിൽ വിവിധ കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി മുതൽ വീടുകളിൽ വിൽപ്പനയ്ക്കായെത്തും. കൂവപ്പടി, അങ്കമാലി, കൊച്ചി ഈസ്റ്റ്‌ സി.ഡി.എസ് എന്നിവിടങ്ങളിലാണ് ശ്രീഷോപ്പി ഹോംഷോപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീ സി.ഡി.എസ് തലത്തിൽ ഓരോ എ.സി.എസുകളിൽ നിന്നും ഡയറക്റ്റ് മാർക്കറ്റിംഗ് പ്രവർത്തനം നടത്തുന്നതിന് താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തി പരിശീലനം നൽകിയാണ് ഹോംഷോപ്പ് പ്രവർത്തനം നടത്തുന്നത്.

പൊതുജനങ്ങൾക്ക് നല്ല ഭക്ഷണം എത്തിക്കുക എന്ന ചുമതല കൂടി ഏറ്റെടുത്താണ് ശ്രീഷോപ്പി ഹോംഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. ഹോം ഷോപ്പുകളുടെ ജില്ലാതല ഉദ്ഘാടനം ഹോം ഷോപ്പ് മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്ന് കുടുംബശ്രീ ഉത്പന്നങ്ങൾ ഏറ്റുവാങ്ങി ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രഞ്ജിനി എസ്, അസിസ്റ്റന്റ് ജില്ലാമിഷൻ കോ ഓർഡിനേറ്റർ റജീന ടി.എം , ജില്ലാ പ്രോഗ്രാം മാനേജർ അരുൺ പി. ആർ എന്നിവർ സന്നിഹിതരായിരുന്നു.