കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് നിയമസഭയിൽ ഉണരുന്ന വായന വളരുന്ന മലയാളം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശങ്കരൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിയമസഭ ഓൺലൈൻ പുസ്തക പ്രദർശനവും മലയാളഭാഷാ വികാസത്തിൽ ലൈബ്രറിക്കുള്ള പങ്കിനെപ്പറ്റി വെബിനാറും പരിപാടിയോടനുബന്ധിച്ച് നടന്നു.

പാർലമെന്ററി നിയമകാര്യ മന്ത്രി എ.കെ. ബാലൻ, സാഹിത്യകാരൻ ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മറ്റ് മന്ത്രിമാർ, നിയമസഭാ സമാജികർ എന്നിവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. നിയമസഭ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കേരളം പാസ്സാക്കിയ നിയമങ്ങൾ-പ്രഭാവപഠനങ്ങൾ, പതിമൂന്നാം കേരള നിയമസഭ-ഒരു അവലോകനം, നാഷണൽ സ്റ്റുഡന്റ്‌സ് പാർലമെന്റ് കേരളം-2019 സുവനീറുകൾ എന്നിവയുടെ പ്രകാശനം സ്പീക്കർ നിർവഹിച്ചു.  നിയമസഭാ സെക്രട്ടേറിയറ്റിലെ ഔദ്യോഗിക ഭാഷാ വകുപ്പുതല സമിതി ജീവനക്കാർക്കായി സംഘടിപ്പിച്ച 2019-ലെ ഭരണഭാഷാ സേവന പുരസ്‌കാര വിതരണവും നടന്നു. മാണി സി.കാപ്പൻ എം.എൽ.എ.,  നിയമസഭ സെക്രട്ടറി എസ്.വി.ഉണ്ണികൃഷ്ണൻ നായർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.