ആലപ്പുഴ : കേരളത്തിന്റെ ആരോഗ്യരംഗത്ത് വൻ വികസന പ്രവർത്തനങ്ങളാണ് നാലര വർഷമായി ഈ സർക്കാർ നടത്തിയതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.കായംകുളം,വൈക്കം,പട്ടാമ്പി എന്നീ താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ ഗവണ്മെന്റ് അധികാരത്തിൽ വന്നതിന് ശേഷം ആദ്യംതന്നെ ആരോഗ്യമേഖലയിൽ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് പഠിച്ചു. 1957 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ആരോഗ്യരംഗത്ത് എന്തൊക്കെ കാര്യങ്ങളിൽ കുറവ് സംഭവിച്ചു എന്ന് പഠിച്ചതിനെത്തുടർന്ന് കണ്ടെത്തിയ ഒരു പ്രധാന കാര്യം സർക്കാർ ആരോഗ്യ സംവിധാനത്തെ ആശ്രയിക്കുന്നവർ 33 ശതമാനം മാത്രമാണ്. എന്നാൽ ഇടത്തരക്കാർ അടക്കമുള്ള 67 ശതമാനം വരുന്ന ഒരു വലിയ വിഭാഗം പ്രൈവറ്റ് ചികിത്സാ സംവിധാനത്തെയാണ് ആശ്രയിക്കുന്നത് എന്നാണ്. ഇതിന് ഒരു പ്രതിവിധി എന്ന നിലയിൽ ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ അവഗണിക്കപ്പെട്ട നിലയിലായിരുന്ന പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾക്ക് പ്രധാന ഊന്നൽ നൽകി ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷം കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തി.
സെക്കന്ററി വിഭാഗത്തിൽ താലൂക്ക് ആശുപത്രികൾ നവീകരിച്ചു.ഇക്കൂട്ടത്തിലാണ് കിഫ്‌ബി മുഖാന്തിരം പുതിയ 8 ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു

കായംകുളം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് യു പ്രതിഭ എം എൽ എ യുടെ ശ്രമഫലമായി രണ്ടാം ഘട്ടത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിച്ച് അംഗീകാരം നേടിയെടുത്തു. ഹൗസിങ് ബോർഡ് കോർപറേഷനാണ് നിർമാണം നിർവഹിക്കുന്നത്. ആലപ്പുഴ ജില്ലയ്ക്ക് മാത്രമായി 200 കോടി രൂപയാണ് ആരോഗ്യരംഗത്ത് വിനിയോഗിച്ചതെന്നും മന്ത്രി പറഞ്ഞു.

കായംകുളം താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള നാല് യൂണിറ്റിൽ നിന്നും ആഴ്ചയിൽ 28 പേർക്കാണ് ഇപ്പോൾ ചികിത്സ ലഭിക്കുന്നത്. 12 പുതിയ യൂണിറ്റുകൾ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ മൂന്ന് ഷിഫ്റ്റുകളിലായി ആഴ്ചയിൽ 200 മുതൽ 250 പേർക്ക് വരെ ചികിത്സ നൽകാൻ കഴിയും.
സി റ്റി സ്ക്കാൻ,പവർ ലോൺട്രി എന്നിവയുടെ പ്രവർത്തനവും ഉടൻ ആരംഭിക്കും. 2.84 കോടി രൂപയാണ് ഈ പദ്ധതിയ്ക്ക് മാത്രമായി വിനിയോഗിക്കുന്നത്. കൂടുതെ താലൂക്ക് ആശുപത്രിയുടെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കിഫ് ബി യിൽ നിന്നും 45കോടി രൂപയും അനുവദിച്ചിട്ടുണ്ട്.