സന്തോഷ് ട്രോഫി: കളിക്കാർക്ക് 2 ലക്ഷം വീതം; 11 പേർക്ക് സർക്കാർ ജോലി, വോളി കേരള ടീമിലെ കളിക്കാർക്ക് ഒന്നര ലക്ഷം വീതം

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ 20 കളിക്കാർക്കും മുഖ്യ പരിശീലകനും രണ്ടു ലക്ഷം രൂപ വീതം പാരിതോഷികം നൽകാൻ തീരുമാനിച്ചു. മാനേജർ, അസിസ്റ്റന്റ് പരിശീലകൻ, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവർക്ക് ഒരു ലക്ഷം രൂപ വീതം നൽകും.

സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ മുഹമ്മദ് ഷെറീഫ്, ജിയാദ് ഹസ്സൻ, ജസ്റ്റിൻ ജോർജ്, കെ.പി. രാഹുൽ, വി.എസ്. ശ്രീക്കുട്ടൻ, എം.എസ്. ജിതിൻ, ജി. ജിതിൻ, ബി.എൽ. ഷംനാസ്, സജിത് പൗലോസ്, വി.കെ. അഫ്ദൽ, പി.സി. അനുരാഗ് എന്നീ 11 കളിക്കാർക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് സർക്കാർ ജോലി നൽകും.

സന്തോഷ് ട്രോഫി ടീമിലെ കളിക്കാരിൽ സ്വന്തമായി വീടില്ലാത്ത കെ.പി. രാഹുലിന് (പീലിക്കോട് കാസർക്കോട്) വീട് നിർമ്മിച്ച നൽകാൻ തീരുമാനിച്ചു.

ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് നേടിയ കേരള ടീമിലെ 12 കളിക്കാർക്കും പരിശീലകനും ഒന്നര ലക്ഷം രൂപ വീതം നൽകും. മാനേജർക്കും അസിസ്റ്റന്റ് കോച്ചിനും ഒരു ലക്ഷം രൂപ വീതം നൽകും.

വോളി ചാമ്പ്യൻഷിപ്പ് നേടിയ ടീമിലെ സി.കെ. രതീഷിന് കിൻഫ്രയിൽ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് കോഴിക്കോട് ജില്ലയിൽ നിയമനം നൽകാൻ തീരുമാനിച്ചു.

മേൽത്തട്ട് വരുമാന പരിധി 8 ലക്ഷം രൂപ

മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ മേൽത്തട്ട് വരുമാന പരിധി 6 ലക്ഷം രൂപയിൽ നിന്ന് 8 ലക്ഷം രൂപയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ഉത്തരവ് ഇറങ്ങുന്ന തിയ്യതി മുതൽ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും.

തിരുവനന്തപുരം സബ് കലക്ടർ ദിവ്യ എസ് അയ്യരെ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. ഫോർട്ട് കൊച്ചി സബ് കലക്ടർ ഇമ്പാ ശേഖറിനെ തിരുവനന്തപുരം സബ്കലക്ടറായി നിയമിക്കും.

മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എക്‌സ് അനിലിന് കൃഷി വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നൽകും.

വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിന് നികുതി വകുപ്പ് സെക്രട്ടറിയുടെ (എക്‌സൈസ് ഒഴികെ) അധിക ചുമതല നൽകാൻ തീരുമാനിച്ചു.

കെ.എഫ്.സി. എം.ഡി. സഞ്ജയ് കൗശികിന് ഫിനാൻസ് റിസോഴ്‌സസ് അധിക ചുമതല നൽകും.

കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടർ പാട്ടീൽ അജിത് ഭഗവത് റാവുവിന് പി.ഡബ്ല്യു.ഡി അഡീഷണൽ സെക്രട്ടറിയുടെ ചുമതല കൂടി നൽകും.

പൊതുവിദ്യാഭ്യാസ മിഷൻ സിഇഒ ഡോ.പി.കെ. ജയശ്രീക്ക് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറിയുടെ അധിക ചുമതല നൽകും.

രക്ഷാപ്രവർത്തനത്തിനിടയിൽ മുങ്ങിമരിച്ച കൊട്ടാരക്കര കരീപ്ര വില്ലേജിൽ ശ്രീമംഗലം വീട്ടിൽ സത്യന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു. തോട്ടിൽ വീണ് മുങ്ങിത്താഴുന്ന ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സത്യൻ മരിച്ചത്.

ഓട്ടോറിക്ഷയിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച തിരൂർ കാട്ടിപ്പരത്തി വില്ലേജിൽ പാലച്ചുവട് മുഹമ്മദ് നിസാർ, തയ്യിൽ വീട്ടിൽ ഖദീജ, തയ്യിൽ വീട്ടിൽ ഷാഹിന എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും.

സർക്കാർ വകുപ്പുകളുടെ കീഴിലുളള പ്ലാന്റേഷനുകൾ, ഫാമുകൾ, സഹകരണ സംഘങ്ങൾ എന്നിവയിൽ നിന്നും കർഷകരിൽ നിന്നും ശേഖരിക്കുന്ന തോട്ടണ്ടി കശുഅണ്ടി വികസന കോർപ്പറേഷനും കാപ്പക്‌സിനും ലഭ്യമാക്കാൻ അനുമതി നൽകും. ബന്ധപ്പെട്ട വില നിർണ്ണയ സമിതി നിശ്ചയിക്കുന്ന വിലയ്ക്കാണ് തോട്ടണ്ടി ലഭ്യമാക്കുക. തോട്ടണ്ടി ദൗർലഭ്യം മൂലം കശുഅണ്ടി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുളള നടപടികളുടെ ഭാഗമായാണ് തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന തോട്ടണ്ടി സംഭരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ ജില്ലാ റൂറൽ ജയിൽ സ്ഥാപിക്കുന്നതിന് ഇറിഗേഷൻ വകുപ്പിന്റെ കൈവശമുളള 60 സെന്റ് ഭൂമി ജയിൽ വകുപ്പിന്റെ ഉപയോഗത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിയാണ് ഉപയോഗാനുമതി നൽകുക.

ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുന്നത് വേഗത്തിലാക്കും:
മുഖ്യമന്ത്രി

ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുന്നത് വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

നടപടിക്രമങ്ങൾ മിക്കവാറും പൂർത്തിയായ 5795 അപേക്ഷകൾ സബ് ഡിവിഷണൽ ലവൽ കമ്മിറ്റി (എസ്.ഡി.എൽ.സി) മുമ്പാകെയുൺ്. 64 അപേക്ഷകൾ ജില്ലാതല കമ്മിറ്റിയുടെ പരിഗണനയിലാണ്. രൺു കമ്മിറ്റികളുടെയും മുമ്പാകെയുളള മുഴുവൻ അപേക്ഷകളിലും ജൂൺ 30-ന് മുമ്പ് തീരുമാനമെടുത്ത് ഭൂമി വിതരണം ചെയ്യാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

വനാവകാശ കമ്മിറ്റികൾ മുഖേന ലഭിച്ച അപേക്ഷകളുടെ നടപടികളും വേഗത്തിൽ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു.

യോഗത്തിൽ മന്ത്രിമാരായ എ.കെ. ബാലൻ, കെ. രാജു എന്നിവരും ചീഫ് സെക്രട്ടറി പോൾ ആന്റണി, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, വനം-പട്ടികജാതി പട്ടികവർഗ്ഗക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ് സെന്തിൽ തുടങ്ങിയവർ പങ്കെടുത്തു.