• പുഴയറിവ് ജനകീയയാത്രയിൽ വൻ ജനപങ്കാളിത്തംകിള്ളിയാറിന്റെ പ്രതാപം വീണ്ടെടുത്ത് സംരക്ഷിക്കാൻ നാടൊരുമിച്ച് ഒരുമനസോടെ പുഴയ്‌ക്കൊപ്പം നടന്നു. തെളിനീർ നിറഞ്ഞൊഴുകാനുള്ള പ്രവൃത്തികൾക്ക് സർക്കാരിന്റെ എല്ലാ സഹായവും പ്രഖ്യാപിച്ച് ഇരുകൈവഴികളായി മന്ത്രിമാർ പുഴയറിവ് യാത്രയ്ക്ക് നേതൃത്വമേകി. കിള്ളിയാറിന്റെ വീണ്ടെടുപ്പിനും സംരക്ഷണത്തിനുമായി നടപ്പാക്കുന്ന കിള്ളിയാർ മിഷന്റെ ഭാഗമായി നടന്ന പുഴയറിവ് യാത്ര ജനകീയ പങ്കാളിത്തത്താൽ സമ്പന്നമായി.
    പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും നാട്ടുകാരും എം.എൽ.എ.മാരും നഗര-ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങളും രാഷ്ട്രീയ പാർട്ടിപ്രവർത്തകരും വിവിധ സംഘടനകളും കിള്ളിയാറിനായി പുഴനടത്തത്തിൽ മന്ത്രിമാർക്ക് പിന്നിൽ അണിനിരന്നു.
    വഴയിലയിൽ നിന്നും ധനകാര്യവകുപ്പു മന്ത്രി ഡോ. തോമസ് ഐസകും കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ പനവൂർ കരിഞ്ചാത്തിമൂലയിൽ നിന്നും ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി. തോമസും യാത്രകൾക്ക് നേതൃത്വം നൽകി.  കിലോമീറ്ററുകളോളം പുഴയോരത്തുകൂടി കാൽ നടയായി സഞ്ചരിച്ച് ഇരു യാത്രകളും പത്താംകല്ലിൽ സംഗമിച്ചു.  വഴിനീളെ പൂക്കളും നാടൻഭക്ഷണവും ദാഹജലവും ഒരുക്കി സമീപവാസികൾ യാത്രാസംഘത്തെ സ്വീകരിച്ച് യാത്രയ്‌ക്കൊപ്പം ചേർന്നു. തോപ്പിലും, പഴയാറ്റിൻകരയിലും കുട്ടികൾ പൂക്കളുമായാണ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്കിനെ സ്വീകരിച്ചത്.
    പുഴ മാലിന്യമൊഴുക്കുന്ന ഓടയല്ലെന്ന് ജനങ്ങൾ തിരിച്ചറിയുകയും നദികളെയും ജലസ്രോതസുകളെയും സംരക്ഷിക്കാനുള്ള കാഴ്ചപ്പാട് വളരണമെന്നും വഴയിലയിൽ യാത്ര ഉദ്ഘാടനം ചെയ്ത മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. ജലസ്രോതസുകളുടെയും പൊതുസ്ഥലങ്ങളുടെയും സംരക്ഷണപ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖ്യപ്രവൃത്തിയായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ജനപങ്കാളിത്തത്തോടെ വ്യക്തമായ ആസൂത്രണത്തോടെ നടത്തുന്ന പുഴ സംരക്ഷണ പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. സി. ദിവാകരൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ.എസ്. ശബരിനാഥൻ എം.എൽ.എ., ഹരിതകേരളം മിഷൻ വൈസ് ചേയർപേഴ്‌സൺ ഡോ. ടി.എൻ. സീമ, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സമിതി കൺവീനറും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ, സാംസ്‌കാരിക-കലാ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
    നാടിന്റെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ ഒരു ചിന്ത ജനസമക്ഷം വയ്ക്കാനാണ് യാത്രയെന്ന് കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ കരിഞ്ചാത്തിമൂലയിൽ യാത്ര ഉദ്ഘാടനം ചെയ്ത് ജലവിഭവമന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. മാറേണ്ടത് നമ്മുടെ മനോഭാവമാണ്. ജലമില്ലെങ്കിൽ ഭൂമിയില്ലെന്ന് നാം ഇനിയെങ്കിലും മനസിലാക്കണം. ഹരിതകേരളം മിഷനിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്ന കുടിവെള്ള സ്രോതസുകളുടെ സംരക്ഷണം ഈട്ടി ഉറപ്പിക്കാൻ യാത്ര സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.  കിള്ളിയാർ മിഷൻ ചെയർമാനായ ഡി.കെ. മുരളി എം.എൽ.എ. അധ്യക്ഷത വഹിച്ചു.
    ഇരുയാത്രകളും വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പത്താംകല്ലിൽ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി മാത്യു. ടി. തോമസ് ഉദ്ഘാടനം ചെയ്തു.  സി. ദിവാകരൻ എം.എൽ.എ അധ്യക്ഷനായ യോഗത്തിൽ മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് പങ്കെടുത്തു. നെടുമങ്ങാട് മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതം പറഞ്ഞു.  എം.എൽ.എ മാരായ ഡി.കെ. മുരളി, കെ.എസ്. ശബരിനാഥൻ, ഹരിതകേരളം മിഷൻ വൈസ് ചേയർപേഴ്‌സൺ ഡോ. ടി.എൻ. സീമ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.സി.സി. മുൻ പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
    കിള്ളിയാറിന്റെ ശോച്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനും ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിക്കാനും ശുചീകരിക്കാനുമാണ് പുഴയറിവ് സംഘടിപ്പിച്ചത്. കിള്ളിയാർ മിഷന്റെ നേതൃത്വത്തിൽ കിള്ളിയാറൊരുമ എന്ന പേരിൽ ഏപ്രിൽ 14ന് ഏകദിന ശുചീകരണയജ്ഞവും നടക്കും. കിള്ളിയാറിന്റെ ഉത്ഭവസ്ഥാനം മുതൽ പുഴയൊഴുകുന്ന 22 കിലോ മീറ്റർ ദൂരം വൃത്തിയാക്കുകയാണ് ലക്ഷ്യം. കിള്ളിയാറിലേക്ക് വന്നുചേരുന്ന 31 തോടുകൾ സംരക്ഷിക്കുന്നതിന് വേണ്ടി 47 പ്രാദേശിക കിള്ളിയാർ മിഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. സമിതികളുടെ നേതൃത്വത്തിൽ മുപ്പതിനായിരം പേർ ദൗത്യത്തിൽ പങ്കെടുക്കും.