– ധനസഹായം ലഭ്യമാക്കിയത് അതിവേഗത്തിൽ
– സ്വാഗതസംഘം രൂപീകരിച്ചു
ഓഖി ദുരന്തത്തിൽ കാണാതായ 91 മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള ധനസഹായം ഏപ്രിൽ 10ന് വൈകിട്ട് വെട്ടുകാട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. ദേവസ്വം-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ, റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കും.
ദുരന്തത്തിൽ കാണാതായവരുടെ ആശ്രിതർക്ക് അതിവേഗമാണ് സർക്കാർ നഷ്ടപരിഹാരം ലഭ്യമാക്കിയത്. കാണാതായവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് രേഖകളും വിവരങ്ങളും ശേഖരിച്ചത്. ആശ്രിതരെ ബുദ്ധിമുട്ടിക്കാതെ നടപടികൾ അതിവേഗം പൂർത്തീകരിക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. തിരുവനന്തപുരം താലൂക്കിൽനിന്നു കാണാതായ 34 മത്സ്യത്തൊഴിലാളികളുടെ 127 ആശ്രിതർക്കും നെയ്യാറ്റിൻകര താലൂക്കിൽനിന്നു കാണാതായ 57 മത്സ്യത്തൊഴിലാളികളുടെ 225 പേർക്കുമാണ് ധനസഹായം നൽകുക.
ധനസഹായവിതരണ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. വെട്ടുകാട് നടന്ന യോഗത്തിൽ എ.ഡി.എം. ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു. കാണാതായവരുടെ ആശ്രിതർക്ക് ധനസഹായം സ്വീകരിക്കുന്നതിനായി എത്താനും തിരികെ പോകാനും വാഹനസൗകര്യമടക്കം ഏർപ്പെടുത്തും. നഗരസഭ കൗൺസിലർമാരായ സോളമൻ വെട്ടുകാട്, മേരി ലില്ലി രാജാസ്, ഡെപ്യൂട്ടി കളക്ടർ അനു എസ്. നായർ, തഹസിൽദാർ ജി.കെ. സുരേഷ്, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.