എറണാകുളം : ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രൊബേഷന്‍ ബോധവല്‍ക്കരണ വെബിനാര്‍ സംഘടിപ്പിച്ചു. മുന്‍ സുപ്രീം കോടതി ജഡ്ജിയും 1957 ലെ പ്രഥമ കേരള മന്ത്രിസഭയില്‍ അംഗവുമായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ജൻമദിനമായ നവംബര്‍ 15 മുതല്‍ അദ്ദേഹത്തിന്റെ ചരമ ദിനമായ ഡിസംബര്‍ 4 വരെ പ്രൊബേഷന്‍ വാരമായി സംസ്ഥാനത്ത് ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

വെബിനാര്‍ ബഹു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.പി. സുനില്‍ ഉദ്ഘാടനം ചെയ്തു. കുറ്റവാളികളുടെ മാനസീക പരിവര്‍ത്തനത്തിനും സാമൂഹിക ബോധമുളള പൗരന്‍മാരാക്കി മാറ്റുന്നതിനും പ്രൊബേഷന്‍ സംവിധാനം വഴി സാഹചര്യം സൃഷ്ടിക്കുമെന്നും അതിന് സാമൂഹ്യ പങ്കാളിത്തത്തോടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അഭിപ്രായപ്പെട്ടു.

പ്രൊബേഷന്‍ സംവിധാനം, പ്രൊബേഷന്‍ നിയമം, തടവുകാരുമായും വിക്ടിംസുമായും ബന്ധപ്പെട്ട സ്വയം തൊഴില്‍, വിദ്യഭ്യാസ ധനസഹായ സ്‌കീമുകള്‍ സേവനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ശ്രീ. ഷംനാദ് വി.എ. ക്ലാസ്സ് നയിച്ചു. പ്രൊബേഷന്‍ അസിസ്റ്റന്റ് അര്‍ജുന്‍ എം. നായര്‍, സിറ്റി പ്രൊബേഷന്‍ ഓഫീസര്‍ ശ്രീ. ബിജു കെ.വി. സോഷ്യല്‍ വര്‍ക്ക് – നിയമ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ നൂറിലധികം പേര്‍ വെബിനാറില്‍ പങ്കെടുത്തു.