ഇടുക്കി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായുള്ള പരാതികളില്‍ പരിഹാര നടപടി സ്വീകരിക്കുന്നതിന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അധ്യക്ഷനായി ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍ കണ്‍വീനറായും മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ കുന്നത്ത്, ജില്ലാ ലോ ഓഫീസര്‍ എസ്. സുരേഷ്‌കുമാര്‍, മാധ്യമ പ്രവര്‍ത്തകന്‍ ആന്റണി മുനിയറ എന്നിവര്‍ അംഗങ്ങളുമായ മീഡിയ റിലേഷന്‍സ് സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. സമിതിയുടെ ആദ്യയോഗം നവംബര്‍ 25 ന് രാവിലെ 11 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും.