തമിഴ്‌നാട്-പുതുച്ചേരി സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത നിർദേശം (Cyclone Watch) പുറപ്പെടുവിച്ചു.

തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം (Low Pressure) കൂടുതൽ തീവ്രത കൈവരിച്ച് ഒരു തീവ്ര ന്യൂനമർദം (Depression) ആയി മാറിയിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നവംബർ 23 പുലർച്ചെ 5.30 ന് സിസ്റ്റം 9.3°N അക്ഷാംശത്തിലും 84.5°E രേഖാംശത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇത് പുതുച്ചേരിയിൽ നിന്ന് 600 കിലോമീറ്ററും ചെന്നൈയിൽ നിന്ന് 630 കിലോമീറ്ററും അകലെയാണ്. ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി (Cyclonic Storm) മാറിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. നവംബർ 25 ന് ഉച്ചയോട് കൂടി ചുഴലിക്കാറ്റ് തമിഴ്‌നാട്-പുതുച്ചേരി തീരത്ത് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കേരളത്തിനുള്ള മുന്നറിയിപ്പ്

നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചുഴലിക്കാറ്റിന്റെ രൂപീകരണവും വികാസവും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ ഗൗരവത്തോടെ പരിഗണിക്കണമെന്ന് നിർദേശിക്കുന്നു.

അറബിക്കടലിൽ രൂപം കൊണ്ട ‘ഗതി’ അതിതീവ്ര ചുഴലിക്കാറ്റ് ശക്തി കുറയുന്നതായും സോമാലിയ തീരത്തേക്ക് അടുക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

KSEOC-KSDMA-IMD
പുറപ്പെടുവിച്ച സമയം : 2020 നവംബർ 23, 9 AM