കണ്ണൂർ:   തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പില്‍ കൊവിഡ് പോസിറ്റീവ് വോട്ടര്‍മാര്‍ക്കായി പോസ്റ്റല്‍ വോട്ടിംഗ് സംവിധാനം നടപ്പാക്കാന്‍ പ്രത്യേക പോളിംഗ് ഓഫീസറേയും പോളിംഗ് അസിസ്റ്റന്റിനെയും നിയോഗിക്കുമെന്ന് ജില്ലാ   തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തുടര്‍നിര്‍ദേശങ്ങള്‍ അനുസരിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ജില്ലാ കലക്ടര്‍പറഞ്ഞു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍, ബൂത്തുകള്‍ തുടങ്ങിയവ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള പരാതികള്‍ അതത് നോഡല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും എഴുതി നല്‍കുന്ന പരാതികളില്‍ ഉചിതമായ നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.  വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞു.  ബൂത്തുകളുടെ കാര്യത്തിലും ധാരണയായി.

പ്രശ്‌ന ബാധിത ബൂത്തുകള്‍ സംബന്ധിച്ചും പ്രത്യേക സുരക്ഷാ സംവിധാനം   വേണ്ട ബൂത്തുകള്‍ സംബന്ധിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്  പട്ടിക നല്‍കാവുന്നതാണ്. ഹരിത തെരഞ്ഞെടുപ്പ് ആയതിനാല്‍ പ്രചാരണത്തിലും പ്രവര്‍ത്തനങ്ങളിലും ഹരിത പ്രോട്ടോകോള്‍ പാലിക്കണം.  കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇത്തവണ ബൂത്തില്‍ അധികമായി ഒരു ഉദ്യോഗസ്ഥനെ കൂടി നിയോഗിക്കും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമവും സമാധാനപരവുമായി നടത്താന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അഭ്യര്‍ഥിച്ചു.  യോഗത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജെ ദേവപ്രസാദ്, എസ് പി ജി എച്ച് യതീഷ് ചന്ദ്ര, അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.   തെരഞ്ഞെടുപ്പ് പരാതികള്‍ തീര്‍ക്കുന്നതിനായി ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ പ്രത്യേക ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം തുടങ്ങിയതായി   എസ് പി യതീഷ് ചന്ദ്ര പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും.

മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബൂത്തുകളില്‍ കമാന്റോകളുടെ സാന്നിധ്യമുണ്ടാകും.  ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഏറ്റവുമധികം അപേക്ഷ നല്‍കിയത് കണ്ണൂരില്‍ നിന്നാണ്.  അലോട്ട്‌മെന്റ് അനുസരിച്ച് ആവശ്യമുള്ളിടത്ത് വെബ്കാസ്റ്റ്
സംവിധാനം ഏര്‍പ്പെടുത്തും.

പൊലീസിന്റെ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള ബൂത്തുകളുടെ പട്ടികയുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണം.  പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ എസ് ഐയുടെ കീഴില്‍ നാല് പൊലീസുകാര്‍ ഉള്‍പ്പെടുന്ന പട്രോളിംഗ് ടീമിനെ നിയോഗിക്കുമെന്നും എസ് പി പറഞ്ഞു.  രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രാദേശിക തര്‍ക്കങ്ങള്‍ വലിയ സംഘര്‍ഷത്തിലേക്ക് വളരാതെ നോക്കാന്‍ അതത് നേതൃത്വങ്ങള്‍  ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍  കൊവിഡ് 19 പ്രോട്ടോകോള്‍ ലംഘനമുണ്ടാവുന്നുണ്ടെന്നും ഇത് പരിശോധിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.  ഏകപക്ഷീയമായി ബൂത്തുകള്‍ മാറ്റുന്നത് ശരിയല്ല.  ചില ഉദ്യോഗസ്ഥരുടെ   വേഗക്കുറവ് മൂലം പോളിംഗ് മന്ദഗതിയിലാവാന്‍ സാധ്യതയുണ്ടെന്നും ഇത് ശ്രദ്ധിക്കണമെന്നും പ്രതിനിധികള്‍ അറിയിച്ചു.  സ്വാധീനമുള്ളിടങ്ങളില്‍ എതിര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ബൂത്തില്‍ കയറ്റാതിരിക്കുന്ന പ്രവണതയുണ്ട്.  ഇക്കാര്യത്തില്‍ പൊലീസിന്റെ ശ്രദ്ധ വേണം. തെരഞ്ഞെടുപ്പ് സുഗമവും കാര്യക്ഷമവുമായി നടത്താനുള്ള പരിശീലനവും നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു.