അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് പരിയാരവും അതോടനുബന്ധിച്ച കേരള കോഓപ്പറേറ്റീവ് ഹോസ്പ്പിറ്റല്‍ കോംപ്ലക്‌സും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നതിനും ഉദ്ദേശിച്ചാണ് സഹകരണ മേഖലയിലുളള പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നത്.

ആശുപത്രി കോംപ്ലക്‌സും അക്കാദമിയും നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ട സൊസൈറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതുകൂടി കണക്കിലെടുത്താണ് തീരുമാനം. 1997-ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തിരുന്നു. എന്നാല്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഭരണനിയന്ത്രണം സൊസൈറ്റിക്ക് തിരിച്ചു നല്‍കുകയാണുണ്ടായത്.

മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ (2011-16) കോളേജും ആശുപത്രിയും ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. 2016-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷമാണ് ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചത്. ഹഡ്‌കോയില്‍ നിന്ന് സൊസൈറ്റി എടുത്ത വായ്പ കുടിശ്ശികയായിരുന്നു. ഹഡ്‌കോ വായ്പയില്‍ കേരളത്തില്‍ നടപ്പാക്കുന്ന മറ്റ് പദ്ധതികളെപ്പോലും അത് ബാധിച്ചു. ഈ സാഹചര്യത്തില്‍ ഹഡ്‌കോയ്ക്കുളള ബാധ്യത പൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. ഗഡുക്കളായി വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. 2019-ല്‍ തിരിച്ചടവ് പൂര്‍ത്തിയാവും.

സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജുകളിലും കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി.എസ്.വാര്യര്‍ ആയുര്‍വേദ കോളേജിലും ആയൂര്‍വേദ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്‌സ് അനുവദിക്കാന്‍ തീരുമാനിച്ചു.

മില്‍മയിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം

മില്‍മയിലെ ജീവനക്കാര്‍ക്ക് 2016 ജൂലൈ മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു

ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തന മൂലധനത്തിനായി 10 കോടി രൂപ ബാങ്ക് വായ്പയെടുക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കാന്‍ തീരുമാനിച്ചു.

പഞ്ചായത്ത് അംഗങ്ങളും നഗരസഭ അംഗങ്ങളും സ്ഥാനമേറ്റ തീയ്യതി മുതല്‍ 15 മാസത്തിനകം ആസ്തിബാധ്യതകളുടെ കണക്ക് സമര്‍പ്പിക്കണമെന്ന പഞ്ചായത്ത് രാജ് ആക്ടിലേയും കേരള മുനിസിപ്പാലിറ്റി ആക്ടിലേയും വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. 15 മാസത്തെ സമയപരിധി 30 മാസമാക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. നിശ്ചിത സമയത്തിനകം സ്വത്തുവിവരം സമര്‍പ്പിക്കാന്‍ കഴിയാത്ത നിരവധി അംഗങ്ങള്‍ അയോഗ്യരാകുന്നത് ഒഴിവാക്കാനാണ് നിയമഭേദഗതി.

ടോമിന്‍ തച്ചങ്കരിക്ക് കെ.എസ്.ആര്‍.ടി.സിയുടെ ചുമതല

ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ തച്ചങ്കരിയെ സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ എ.ഡി.ജി.പി.യായി നിയമിക്കാനും കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറുടെ ചുമതല നല്‍കാനും തീരുമാനിച്ചു. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി എം.ഡി.യായ എ.ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലായി മാറ്റി നിയമിക്കാനും തീരുമാനിച്ചു.

പകര്‍ച്ചവ്യാധി നിയന്ത്രണം:
നഗരസഭകള്‍ കൂടുതല്‍ ശ്രദ്ധിക്കണം – മുഖ്യമന്ത്രി

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു.

പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ആരോഗ്യവകുപ്പ് ‘ആരോഗ്യ ജാഗ്രത’ എന്ന കര്‍മ്മപരിപാടി മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2017-ല്‍ വൈറല്‍പനി, ഡെങ്കിപ്പനി, എച്ച്1 എന്‍1 തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ കൂടുതലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കര്‍മ്മ പരിപാടി തയ്യാറാക്കിയത്. ഇതനുസരിച്ച് ജനുവരി ഒന്നു മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമാകെ നടന്നു വരികയാണ്. ഉറവിട കൊതുക നശീകരണം ഇതിന്റെ ഭാഗമാണ്. ഇതിനകം ആരോഗ്യ പ്രവര്‍ത്തകര്‍ 47 ലക്ഷം വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. ഒരു ലക്ഷത്തോളം ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. പതിനാറായിരത്തോളം വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കി നടപ്പാക്കി വരുന്നു. ജനപ്രതിനിധികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ വിവിധതലങ്ങളില്‍ പരിശീലനം നല്‍കി. കൊതുകുസാന്ദ്രത കൂടിയ സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ പ്രത്യേക പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശുചീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡുതല ഹെല്‍ത്ത് സാനിറ്റേഷന്‍ ന്യൂട്രിഷന്‍ കമ്മിറ്റിക്ക് പതിനായിരം രൂപ വീതം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ തുടര്‍ പ്രവര്‍ത്തനം ജാഗ്രതയോടെ നടത്താന്‍ യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ടാണ് ‘ആരോഗ്യജാഗ്രത’ നടപ്പാക്കുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് നഗരസഭകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍, ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, പഞ്ചായത്ത് ഡയറക്ടര്‍ പി. മേരിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.