കൊല്ലം :തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ബൂത്തുകളില്‍ ഡ്യൂട്ടി നിര്‍വ്വഹിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ പ്രസിദ്ധീകരിച്ചു. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഇ-ഡ്രോപ്പ് സോഫ്റ്റ്വെയറില്‍ പ്രസിദ്ധീകരിച്ചിട്ടുളള നിയമന ഉത്തരവിന്റെ പ്രിന്റ് ബന്ധപ്പെട്ട സ്ഥാപനമേധാവിമാര്‍ക്ക് ഇന്ന്(നവംബര്‍ 27) വിതരണം ചെയ്യണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

എല്ലാ സ്ഥാപനമേധാവിമാരും നിയമന ഉത്തരവുകള്‍ കൈപ്പറ്റുന്നതിന് 27, 28, 29 തീയതികളില്‍ ഓഫീസുകളിലുണ്ടാവണം.  നിയമന ഉത്തരവുകള്‍ സമയബന്ധിതമായി എല്ലാ സ്ഥാപനമേധാവിമാര്‍ക്കും കൈമാറുന്നതിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കണം.

പോളിങ് ഡ്യൂട്ടിയ്ക്കായി തിരഞ്ഞെടുത്തിട്ടുളള പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കുളള പരിശീലന ക്ലാസ്സുകള്‍ നവംബര്‍ 30, ഡിസംബര്‍ ഒന്ന്, രണ്ട്  തീയതികളില്‍  ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. നിയമന ഉത്തരവില്‍ പരിശീലന ക്ലാസിന്റെ സ്ഥലം, തീയതി, സമയം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലഭിച്ചിട്ടുളള എല്ലാ ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് പരിശീലന ക്ലാസ്സുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്തവര്‍ക്കെതിരെ  തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുളള ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു