കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) ഞായറാഴ്ച മുതല്‍ (29) തയ്യാറാക്കുമെന്ന് സംസ്ഥാന

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കും. ഡിസംബര്‍ എട്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ച ( 29) തന്നെ ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറും. കൂടാതെ തിങ്കളാഴ്ച ( 30) മുതല്‍ ഡിസംബര്‍ ഏഴിന് വൈകുന്നേരം മൂന്നുവരെയുള്ള ദിവസങ്ങളിലെ സര്‍ട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളില്‍ കൈമാറും.

ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കാത്ത ഒമ്പത് ജില്ലകളിലെ ഡെസിഗ്നേറ്റ്ഡ് ഹെല്‍ത്ത് ഓഫീസര്‍മാര്‍ ആദ്യ ഘട്ട

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ നിന്നുള്ളവരുടെ സര്‍ട്ടിഫൈഡ് ലിസ്റ്റ് ഞായറാഴ്ച മുതല്‍ ( 29) തയ്യാറാക്കണം. തുടര്‍ന്ന് ഡിസംബര്‍ ഏഴുവരെയുള്ള തീയതികളില്‍ കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്‍റീനില്‍ ഉള്ളവരുടെയും പട്ടിക തയ്യാറാക്കണം. അത്തരത്തിലുള്ള ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റുകള്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതേ ദിവസംതന്നെ

കൈമാറണം.

മറ്റ് ജില്ലകളില്‍ കഴിയുന്ന വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയച്ചുകൊടുക്കുന്നതിന് ബന്ധപ്പെട്ട വരണാധികാരികള്‍ നടപടി സ്വീകരിക്കും. വോട്ടര്‍ പട്ടിക പരിശോധിച്ചതിന് ശേഷമായിരിക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുക. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം രജിസ്ട്രേഡ് പോസ്റ്റ് മുഖേനയോ ആള്‍വശമോ ബാലറ്റ് പേപ്പറും സത്യപ്രസ്താവനയും അടങ്ങിയ കവര്‍ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് വരണാധികാരിക്ക് ലഭിക്കത്തക്കവിധം തിരികെ നല്‍കേണ്ടതാണ്. സര്‍ട്ടിഫൈഡ്

ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പോളിംഗ് ദിനത്തിന് മുന്‍പ് കോവിഡ് മുക്തരായാലും, ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയാലും സ്പെഷ്യല്‍

തപാല്‍ വോട്ട് മാത്രമേ അനുവദിക്കുകയുള്ളു. ഇവര്‍ക്ക് നേരിട്ട് പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തുവാനാകില്ല.