സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് ഡമ്മി ബാലറ്റ് പേപ്പറും ഡമ്മി ബാലറ്റ് യൂണിറ്റുകളും വ്യവസ്ഥകള്‍ പാലിച്ച് ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചു. ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസ്സല്‍ ബാലറ്റ് പേപ്പറിനോട് സാമ്യമുണ്ടാകാന്‍ പാടില്ല. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്ക് വെള്ളയും ജില്ലാ പഞ്ചായത്തുകള്‍ക്ക് ആകാശ നീലയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പിങ്കും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ വെള്ള, നീല, പിങ്ക് നിറങ്ങളൊഴികെയുള്ള നിറങ്ങളില്‍ ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കാം. ഒരു സ്ഥാനാര്‍ത്ഥി തന്‍റെ പേര് ബാലറ്റ് പേപ്പറില്‍ എവിടെ വരുമെന്ന് സൂചിപ്പിക്കാന്‍ സ്വന്തം പേരും ചിഹ്നവുമുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിന് തടസമില്ല. പക്ഷേ അതേ നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന മറ്റു സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ഉണ്ടാകാന്‍ പാടില്ല. യഥാര്‍ത്ഥ ബാലറ്റുയൂണിറ്റുകളുടെ പകുതി വലിപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിര്‍മ്മിച്ചതുമായ ഡമ്മി ബാലറ്റുയൂണിറ്റുകള്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് യഥാര്‍ത്ഥ ബാലറ്റുയൂണിറ്റുകളുടെ നിറത്തിലാകാന്‍ പാടില്ലെന്നും കമ്മീഷന്‍ അറിയിച്ചു.


ബാലറ്റ് പേപ്പര്‍ അച്ചടി പുരോഗമിക്കുന്നു

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളുടെയും വോട്ടിംഗ് യന്ത്രങ്ങളില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സര്‍ക്കാര്‍ പ്രസ്സുകളില്‍ പുരോഗമിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശ നീല നിറത്തിലും ആണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്. ഓരോ പോളിംഗ് സ്റ്റേഷനുകള്‍ക്കും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ പതിപ്പിക്കുന്നതിനായി അഞ്ച് ബാലറ്റ് ലേബലുകള്‍, ടെന്‍ഡേഡ് വോട്ടിനായുള്ള 15 ബാലറ്റ് പേപ്പറുകള്‍ എന്നിവ അച്ചടിക്കും. കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കുമുള്ള സ്പെഷ്യല്‍ തപാല്‍ വോട്ടിനായി കൂടുതലായി വരുന്ന ബാലറ്റ് പേപ്പറുകള്‍ അതാത് പ്രദേശങ്ങളിലെ വരണാധികാരികള്‍ നിര്‍ണയിക്കുന്ന കണക്കിന്‍റെ അടിസ്ഥാനത്തില്‍ അച്ചടിക്കും. തമിഴ് / കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുള്ള പ്രദേശങ്ങളില്‍ ആ ഭാഷകളില്‍കൂടി ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കും.

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകളുടെയും, മുനിസിപ്പാലിറ്റി, കോര്‍പ്പഷനിലേയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലാ പഞ്ചായത്തുകളിലേയും ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രസ്സിലാണ് അച്ചടിക്കുന്നത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകളുടെയും, മുനിസിപ്പാലിറ്റി, കോര്‍പ്പഷനിലേയും കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലാ പഞ്ചായത്തുകളുടെയും ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും തിരുവനന്തപുരത്തെ ഗവ. സെന്‍ട്രല്‍ പ്രസ്സിലാണ് അച്ചടിക്കുന്നത്.

കോട്ടയം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും വാഴൂര്‍ ഗവ. പ്രസ്സില്‍ അച്ചടിക്കും.

എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും എറണാകുളം ഗവ. പ്രസ്സില്‍ അച്ചടിക്കും. പാലക്കാട്, മലപ്പുറം ജില്ലകളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും ഷൊര്‍ണ്ണൂര്‍ ഗവ. പ്രസ്സിലാണ് അച്ചടിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും കോഴിക്കോട് ഗവ. പ്രസ്സില്‍ അച്ചടിക്കും.

വയനാട് ജില്ലയിലെ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്കുള്ള ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും വയനാട് ഗവ. പ്രസ്സില്‍തന്നെയാണ് അച്ചടിക്കുന്നത്.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കുള്ള ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും കണ്ണൂര്‍ ഗവ. പ്രസ്സിലും അച്ചടിക്കും.

ഇടുക്കി ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും തിരുവനന്തപുരത്തെ ഗവ. സ്റ്റാമ്പ് മാനുഫാക്ച്ചറി പ്രസ്സിലാണ് അച്ചടിക്കുന്നത്.