കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചു. പോളിങ് സ്റ്റേഷനുകളിലേക്ക് അനുവധിച്ചിട്ടുള്ള സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളിലായി നടന്നു. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍, കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, വടകര മുനിസിപ്പല്‍ ഹാള്‍, കൊയിലാണ്ടി മുനിസിപ്പല്‍ ഹാള്‍ എന്നിവിടങ്ങളിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിശീലനം നടന്നത്. വോട്ടിങ് മെഷീന്‍ കൈകാര്യം ചെയ്യുന്ന വിധം, പോള്‍ മാനേജര്‍ ആപ്പ് പ്രവര്‍ത്തനം തുടങ്ങി പോളിങ്ങുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കി.

പോളിങ് ഓഫീസര്‍, പ്രീസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍ തുടങ്ങിയവര്‍ക്കുള്ള പരീശീലനവും തിങ്കളാഴ്ച ആരംഭിച്ചു. ബ്ലോക്ക്/മുനിസിപ്പല്‍തല ട്രെയിനര്‍മാര്‍ മുഖേന ബ്ലോക്ക് /മുനിസിപ്പല്‍ ഹാളുകളില്‍ നടന്നുവരുന്ന പരിശീലനം രാവിലെയും വൈകീട്ടുമായി രണ്ട് ഘട്ടമായാണ് നടക്കുന്നത്. പോളിങ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ഫോമുകളുടെ പരിചയപ്പെടുത്തല്‍, വോട്ടിങ് മെഷീന്‍ പരിശീലനം, പോളിങ് ഓഫീസില്‍ ചെയ്യേണ്ട പ്രവര്‍ത്തനം, കോവിഡുമായി ബന്ധപ്പെട്ട് പോളിങ് കേന്ദ്രത്തില്‍ പാലിക്കേണ്ട മുന്‍കരുതല്‍, കോവിഡ് രോഗികളുടെ വോട്ടിങ് സമയത്ത് പാലിക്കേണ്ടകാര്യങ്ങള്‍, പി.പി.ഇ കിറ്റ് ഉപയോഗിക്കേണ്ടവിധം, ഉപയോഗ ശേഷം നിക്ഷേപിക്കേണ്ടവിധം തുടങ്ങിയവ സംബന്ധിച്ച് പരിശീലനം നല്‍കും. ഡിസംബര്‍ നാലുവരെയാണ് പരിശീലനം.