ആലപ്പുഴ: കോവിഡ് 19 പോസിറ്റീവായവർക്കും കോവിഡ് മൂലം ക്വാറന്റൈനില്‍ ആയവർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള പ്രത്യേക പോസ്റ്റൽ ബാലറ്റ് പേപ്പർ നൽകുന്നതിനുള്ള നടപടികളിൽ ജില്ലയില്‍ പൂർത്തിയായിവരുന്നു. സംശയ നിവാരണത്തിനായി കളക്ട്രേറ്റില്‍ പ്രത്യേക കാള്‍സെന്ററും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വോട്ടെടുപ്പ് ദിവസത്തിന് തൊട്ടുമുമ്പുള്ള ദിവസമായ ഡിസംബര്‍ ഏഴ് ഉച്ചകഴിഞ്ഞ് 3 മണി വരെ സാക്ഷ്യപ്പെടുത്തിയ പട്ടികയിൽ ഉൾപ്പെടുന്ന, തപാൽ വോട്ട് ചെയ്യുന്നതിന് ആഗ്രഹിക്കുന്ന പ്രത്യേക വിഭാഗം സമ്മതിദായകർക്കാണ് പ്രത്യേക പോസ്റ്റൽ ബാലറ്റ് പേപ്പർ വഴി വോട്ട് ചെയ്യാൻ അവസരം.

വോട്ടെടുപ്പ് അവസാനിക്കുന്നതിനു തൊട്ടു മുമ്പുള്ള ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ യുള്ള സമയത്ത് സാക്ഷ്യപ്പെടുത്തിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രത്യേക വിഭാഗം സമ്മതിദായകർക്ക് വോട്ടെടുപ്പിന് അവസാന മണിക്കൂറിൽ ബന്ധപ്പെട്ട പോളിംഗ് സ്റ്റേഷനുകളിൽ നേരിട്ട് വോട്ട് ചെയ്യുന്നതിന് അർഹതയുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് പ്രത്യേക വിഭാഗം സമ്മതിദായകരുടെ സാക്ഷ്യപ്പെടുത്തിയ പട്ടിക ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടർക്ക് നല്‍കിയിട്ടുണ്ട്. ഇത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഉടൻതന്നെ വരണാധികാരികള്‍ക്ക് വി തരണം ചെയ്യും. പ്രത്യേക പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിച്ച സമ്മതിദായകൻ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തുന്നില്ല എന്ന് വരണാധികാരി ഉറപ്പുവരുത്തും.

സാക്ഷ്യപ്പെടുത്തിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക വിഭാഗം സമ്മതിദായകർക്ക് പ്രത്യേക പോസ്റ്റൽ ബാലറ്റ് പേപ്പർ എത്തിക്കുന്നതിന് പ്രത്യേക പോളിംഗ് ഓഫീസർമാരെയും പോളിങ് അസിസ്റ്റൻറ് മാരെയും ജില്ലാകളക്ടർ നിയോഗിച്ചിട്ടുണ്ട്. പ്രത്യേക പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ എത്തിക്കുന്നതിനും ശേഖരിക്കുന്നതിനും വരണാധികാരിയാണ് ക്രമീകരണങ്ങൾ ചെയ്യുക. പ്രത്യേക പോളിങ് ഓഫീസർ നൽകുന്ന പ്രത്യേക പോസ്റ്റൽ ബാലറ്റ് പേപ്പർ ഒപ്പിട്ടു വാങ്ങുന്നതിനോ നിരസിക്കുന്നതിനോ സമ്മതിദായകന് അവകാശം ഉണ്ട്. പ്രത്യേക വിഭാഗം സമ്മതിദായകന് വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ച് വ്യവസ്ഥകൾ പാലിച്ച് വോട്ട് രേഖപ്പെടുത്തണം.

വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രത്യേക പോസ്റ്റൽ ബാലറ്റ് പേപ്പർ അടങ്ങുന്ന കവർ വരണാധികാരിക്ക് നൽകുന്നതിനായി പ്രത്യേക പോളിങ് ഓഫീസർക്ക് കൈമാറാം. ഇതിന് രസീത് നൽകും. ഇങ്ങനെ കൈമാറാൻ തീരുമാനിക്കാത്ത പക്ഷം പോളിങ് ഓഫീസർക്ക് കൈപ്പറ്റ് രസീത് നൽകണം. ഇങ്ങനെയുള്ള പ്രത്യേക വിഭാഗം സമ്മതിദായകർ വോട്ട് രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റ് പേപ്പറും മറ്റു ഫോറങ്ങളും രജിസ്റ്റേഡ് തപാൽ വഴിയോ ചട്ടപ്രകാരമുള്ള മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ വരണാധികാരിക്ക് ആ പ്രത്യേക വാർഡിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിനു മുമ്പായി എത്തിക്കണം.

ജില്ല കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക പോളിംഗ് ഓഫീസർമാരെയും പോളിങ് അസിസ്റ്റൻറ് മാരുടെയും 90 സംഘങ്ങളെ ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്. 180 പേരെയാണ് ഇത്തരത്തില്‍ നിയോഗിച്ചത്. പ്രത്യേക വിഭാഗം സമ്മതിദായകരുമായി ബന്ധപ്പെട്ട സംശയ ദുരീകരണത്തിന് ജില്ലാതല കോൾ സെൻററുമായി ബന്ധപ്പെടാം. ഫോണ്‍:- 0477 2251675, 8747087273.