കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്‍റയിനിലുള്ളവര്‍ക്കും വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌പെഷ്യല്‍ തപാല്‍ വോട്ടിംഗ് കോട്ടയം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 1) ആരംഭിക്കും. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറും സ്‌പെഷ്യല്‍ പോളിംഗ് അസിസ്റ്റന്റും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്ന 168 ടീമുകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.

ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളും അനുബന്ധ ഫോറങ്ങളും സഹിതം സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയാണ് വോട്ടു ചെയ്യിക്കുന്നത്. രഹസ്യ സ്വഭാവം ഉറപ്പു വരുത്തി വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ കവറില്‍ ഇട്ട് ഭദ്രമായി ഒട്ടിച്ച് ഉദ്യോഗസ്ഥരെ തന്നെ ഏല്‍പ്പിക്കുകയോ തപാലില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയോ ചെയ്യാം. അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ കാര്യാലയത്തിലാണ് വോട്ടുകള്‍ സൂക്ഷിക്കുക.

സ്‌പെഷ്യല്‍ വോട്ടിംഗിന്‍റെ നടപടിക്രമങ്ങള്‍, സ്വീകരിക്കേണ്ട സുരക്ഷാ മുന്നൊരുക്കങ്ങള്‍ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി നടത്തി. കോട്ടയം മാമ്മന്‍ മാപ്പിള ഹാള്‍ നടന്ന പരിപാടിക്ക് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി മനോജ് നേതൃത്വം നല്‍കി. പരിശീലന നടപടികളുടെ നോഡല്‍ ഓഫീസറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ. ബാബുരാജ്, എ.എസ്. വിജുമോന്‍, കെ.എ. തോമസ് എന്നിവര്‍ പങ്കെടുത്തു.