എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോവിഡ് 19 പോസിറ്റീവ് ആയവരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും പോസ്റ്റല്‍ വോട്ടിങ്ങ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്ന സ്പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍മാര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ വെച്ച് പരിശീലനം നല്‍കി. പോസ്റ്റല്‍ വോട്ടിങ്ങ് നിര്‍വ്വഹിക്കേണ്ട രീതി, സുരക്ഷ മുന്‍കരുതലുകള്‍, സുരക്ഷ വസ്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന വിധം, പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിക്കുകയും റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ക്ക് കൈമാറുകയും ചെയ്യുന്ന വിധം തുടങ്ങിയ കാര്യങ്ങളിലാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്.

തിരഞ്ഞെടുപ്പിലെ കോവിഡ് നിയന്ത്രണങ്ങളുടെ നോഡല്‍ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ എസ്.ഷാജഹാൻറെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. സുരക്ഷ വസ്ത്രങ്ങളുടെ കൈകാര്യം സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വിവരിച്ചു നല്‍കി.

കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിലാണ് കോവിഡ് പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സ്പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ്ങ് ഏര്‍പ്പെടുത്തിയത്. രോഗബാധിതരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും അടുത്ത് നേരിട്ടെത്തിയാണ് പോസ്റ്റല്‍ വോട്ടിങ്ങിനുള്ള ബാലറ്റ് പേപ്പറുകള്‍ കൈമാറുന്നത്. പി.പി. ഇ കിറ്റ് അടക്കമുള്ള സുരക്ഷ സൗകര്യങ്ങളും ഡബിള്‍ ചേംബര്‍ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ക്കായി നല്‍കും. ദിവസേന സ്വീകരിക്കുന്ന ബാലറ്റുകള്‍ വൈകിട്ട് റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ക്ക് തിരികെ കൈമാറും.

ആരോഗ്യ വകുപ്പ് തയ്യാറാക്കിയ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോളിങ്ങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാൻ അനുവാദമില്ല.