എറണാകുളം: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു. ജില്ലയിലെ വിവിധ ആശുപത്രികളിലും എയ്ഡ്സ് ചികിത്സയും കൗൺസിലിംഗും നൽകുന്ന സെൻററുകൾ വഴിയും ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

ജില്ലയിലെ പ്രൈവറ്റ് ബസുകളിലും ഓട്ടോറിക്ഷകളിലും എയ്ഡ്‌സിനെക്കുറിച്ചുള്ള ബോധവത്ക്കരണ സന്ദേശങ്ങളും റെഡ് റിബൺ പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ മെട്രോ ട്രയിനുകളിലും എയ്ഡ്സ് ദിന സന്ദേശങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഓൺലൈനായി സംഘടിപ്പിച്ച ദീപം തെളിയിക്കൽ പരിപാടിയിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അംഗങ്ങൾ, എൻ.എസ്. എസ് വോളണ്ടിയർമാർ, നഴ്സിങ് കുട്ടികൾ, നെഹ്റു യുവകേന്ദ്രയിലെ വോളണ്ടിയർമാർ, മൈഗ്രൻ്റ് ലിങ്ക് വർക്കർമാർ, ജില്ലാ എയ്ഡ്സ് കൺട്രോൾ യൂണീറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ദിനാചരണ സന്ദേശം യുവാക്കളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.ദിനാചരണത്തോട് അനുബന്ധിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് നടപ്പിലാക്കുന്നത്.