ഇടുക്കി: സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ വാഹനങ്ങളില്‍ ഒഴിവാക്കേണ്ടവ

പര്യടന വാഹനങ്ങള്‍ അലങ്കരിയ്ക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഫ്‌ളക്‌സ്, പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കി തുണി, പേപ്പര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് വാഹനങ്ങള്‍ അലങ്കരിക്കാം.

* സ്ഥാനാര്‍ത്ഥിയുടെ സ്വീകരണ പരിപാടിയില്‍

സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ ഇടുന്ന ഹാരങ്ങള്‍ പ്ലാസ്റ്റിക്കിലുള്ളതല്ലെന്ന് ഉറപ്പു വരുത്തുക. പകരം പൂക്കള്‍ കൊണ്ടുള്ള ഹാരങ്ങള്‍, കോട്ടണ്‍ നൂല്‍, തോര്‍ത്ത് തുടങ്ങിയവ ഉപയോഗിക്കാം. പുസ്തകങ്ങള്‍ നല്‍കിയും സ്വീകരണമൊരുക്കാം.

* പ്രചാരണത്തിനിടയിലെ ഭക്ഷണം

കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രചാരണ വേളയില്‍ പ്രവര്‍ത്തകര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പാഴ്‌സലുകള്‍, പേപ്പര്‍ / പ്ലാസ്റ്റിക് / തെര്‍മോക്കോള്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ച ഡിസ്‌പോസബിള്‍ കപ്പുകള്‍, പ്ലേറ്റുകള്‍ ഒഴിവാക്കി സ്റ്റീല്‍ പ്ലേറ്റ്, സ്റ്റീല്‍ / ചില്ല് ഗ്ലാസുകള്‍ ഉപയോഗിക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളില്‍ സ്വന്തം പാത്രങ്ങള്‍ കരുതി വെക്കാവുന്നതാണ്. സ്റ്റീല്‍ പാത്രങ്ങളും കപ്പുകളും ലഭിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മ സേന ഗ്രീന്‍ പ്രോട്ടോക്കോള്‍ യൂണിറ്റുകളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

* രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഹരിതസന്ദേശങ്ങള്‍ പ്രചരിപ്പിക്കാം

തിരഞ്ഞെടുപ്പിന്റെ ഭാഗമായി അച്ചടിയ്ക്കുന്ന നോട്ടീസുകളില്‍ ഹരിത സന്ദേശങ്ങള്‍ ചേര്‍ക്കാവുന്നതാണ്. പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രചരണ രീതിയെക്കുറിച്ചോ ജയിച്ചാല്‍ പ്രകൃതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന മുന്‍ഗണനയെക്കുറിച്ചോ സ്ഥാനാര്‍ത്ഥിക്ക് അഭ്യര്‍ത്ഥന നോട്ടീസില്‍ ചേര്‍ക്കാം.

* ചുമരെഴുത്ത്

ചുമരില്‍ ഫ്‌ളക്‌സുകള്‍ ഒട്ടിക്കുന്നതും ചുമരെഴുത്തിനോടൊപ്പം ഫോട്ടോകളുടെ ഫ്‌ലക്‌സുകള്‍ ഒട്ടിക്കുന്നതും പൂര്‍ണമായും ഒഴിവാക്കുക. ചുമരില്‍ ബ്രഷ് ഉപയോഗിച്ചുള്ള എഴുത്താണ് ഫലപ്രദം.

* ആര്‍ച്ചുകള്‍ ഉണ്ടാക്കുമ്പോള്‍

ആര്‍ച്ചുണ്ടാക്കുമ്പോള്‍ കോട്ടണ്‍ തുണിയിലെഴുതിയ ബാനര്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം.