ക്ലസ്റ്ററുകളിലെ ദുർബല വിഭാഗങ്ങൾക്കും സ്ഥാപനങ്ങളിലെ വയോജനങ്ങൾക്കും ആർ.ടി.പി.സി.ആർ പരിശോധന

സംസ്ഥാനത്തെ കോവിഡ്-19 പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കി. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ഇറക്കിയ കോവിഡ് പരിശോധനാ മാർഗ നിർദേശങ്ങൾക്ക് അനുബന്ധമായാണ് ചിലത് കൂട്ടിച്ചേർത്ത് പുതുക്കിയത്. സമീപകാലത്തെ കോവിഡ് വ്യാപനത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് മാർഗനിർദേശങ്ങൾ പുതുക്കിയത്.

ക്ലസ്റ്ററുകളിൽ പെട്ടന്ന് രോഗം വരുന്ന ദുർബല വിഭാഗത്തിൽപ്പെടുന്ന വ്യക്തികളായ 60 വയസിന് മുകളിൽ പ്രായമായവർ, ഗർഭിണികളും അടുത്തിടെ പ്രസവിച്ച അമ്മമാരും, കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികൾ, ഗുരുതര രോഗമുള്ളവർ എന്നിവർക്ക് കണ്ടൈൻമെന്റ് കാലത്തിന്റെ തുടക്കത്തിൽ തന്നെ ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതാണ്. ഇതോടൊപ്പം ക്ലസ്റ്ററുകളിൽ പെട്ടന്ന് രോഗം വരാൻ സാധ്യതയുള്ള വ്യക്തികൾക്ക് എത്രയും വേഗം ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും വേണം.

വൃദ്ധ സദനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങൾക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മൂന്നു മാസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. സ്ഥാപനങ്ങളിൽ കഴിയുന്ന രോഗലക്ഷണമുള്ള എല്ലാ വയോജനങ്ങൾക്കും എത്രയും വേഗം ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതുമാണ്.