കാസര്‍ഗോഡ്: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നിര്‍മ്മിച്ച ഹ്രസ്വചിത്രം ഡിസംബര്‍ ഒന്ന്-ഒരു ഓര്‍മ്മപ്പെടുത്തല്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പ്രകാശനം ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷറഫിന് നല്കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് 13 മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം തയ്യാറാക്കിയത്.

ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെയാണ് സുപ്രധാന വേഷങ്ങളില്‍ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചതും. എയ്ഡ്‌സ് രോഗബാധിതരായ ദമ്പതികളുടെ മകളായ കുഞ്ഞാറ്റയുടെ സാമൂഹ്യ ജീവിതത്തിന്റെ വിവിധതലങ്ങളിലൂടെയാണ് ഹ്രസ്വ ചിത്രം എയ്ഡ്‌സ് ബോധവത്കരണ സന്ദേശം പ്രേക്ഷകര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്.

എ ആര്‍ ടി സെന്ററിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ ഡോ കെ ജനാര്‍ദ്ദന നായിക്ക്, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷറഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ എസ് രാജേഷ്, എസ് ആസിഫ്, സി സി ബാലചന്ദ്രന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാരായ അതുല്യ, ആശാമോള്‍, പാലിയേറ്റീവ് നേഴ്‌സ് പ്രിയാ കുമാരി, പ്രജിന്‍ കാടകം, ബി സി കുമാരന്‍, ദിയ പാര്‍വ്വതി എന്നിവരാണ് അഭിനയിച്ചത്. കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ചത് രതീഷ് കണ്ടിയൂര്‍. ഷാഫി പൈക്കയാണ് ഛായഗ്രഹണം നിര്‍വഹിച്ചത്.