എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ജോലിക്കായി നിയമനം ലഭിച്ച പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ബ്ലോക്ക് തലത്തിലും മുന്‍സിപ്പാലിറ്റി തലത്തിലും കോര്‍പ്പറേഷൻ തലത്തിലുമാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്. ജില്ല തലത്തില്‍ പരിശീലനം ലഭിച്ച മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

പോളിങ്ങ് സാമഗ്രികളുടെ കൈകാര്യം, വോട്ടിങ്ങ് പ്രക്രിയ, ചുമതലകള്‍, സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍, കോവിഡ് 19 മാനദണ്ഡങ്ങളുടെ പാലനം തുടങ്ങിയ കാര്യങ്ങളില്‍ ആണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പരിശീലന ക്ലാസുകൾ ക്രമീകരിച്ചത്. നവംബര്‍ 30 നാണ് ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷൻ തല പരിശീലനം ആരംഭിച്ചത്.

സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ച നാല് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ നവംബര്‍ ആദ്യ വാരം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ വെച്ച് ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോർപറേഷൻ തല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ജില്ലയിലാകെ 57 ബ്ലോക്ക്, മുന്‍സിപ്പാലിറ്റി,കോര്‍പ്പറേഷൻ തല മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്.

കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓരോ പോളിങ്ങ് ബൂത്തിലും അഞ്ച് ഉദ്യോഗസ്ഥരെ ആണ് തിരഞ്ഞെടുപ്പ് ദിനത്തില്‍ നിയോഗിക്കുന്നത്. പ്രിസൈഡിങ്ങ് ഓഫീസര്‍, ഫസ്റ്റ് പോളിങ്ങ് ഓഫീസര്‍, രണ്ട് പോളിങ്ങ് ഓഫീസര്‍മാര്‍, പോളിങ്ങ് അസിസ്റ്റൻറ് തസ്തികകളിൽ ആണ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ആദ്യമായാണ് തിരഞ്ഞെടുപ്പിൽ പോളിങ് അസിസ്റ്റന്റ്മാരെ നിയമിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ ആണ് ഇവരുടെ ചുമതല.