തെക്കൻ കേരളം-തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്- ഓറഞ്ച് അലർട്ട്


തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (Cyclone Alert) പ്രഖ്യാപിച്ചു


തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 15 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 8.9° N അക്ഷാംശത്തിലും 80.9°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് കന്യാകുമാരിയിൽ നിന്ന് ഏകദേശം 380 കിമീ ദൂരത്തിലുമാണ്.

ചുഴലിക്കാറ്റ് ഡിസംബർ 3 ന് പുലർച്ചെയോടെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി (കോമോറിൻ) മേഖലയിൽ എത്തുകയും, ഡിസംബർ 3 ന് ഉച്ചയോടെ പാമ്പൻ തീരത്തെത്തുമ്പോൾ ചുഴലിക്കുള്ളിലെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിമീ വരെയും ചില അവസരങ്ങളിൽ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കേരളത്തിനുള്ള മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം ‘ബുറേവി’ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി (Deep Depression) ഡിസംബർ 4 ന് കേരളത്തിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.

ഡിസംബർ 3 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുന്നു.

ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുന്നറിയിപ്പുകളിൽ വരുന്ന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്ന സഞ്ചാരപഥവും ഇതോടൊപ്പം നൽകുന്നു.

അവലംബം: ദേശീയ ബുള്ളറ്റിൻ നമ്പർ 19

(IMD-KSEOC-KSDMA)

(പുറപ്പെടുവിച്ച സമയം : 2020 ഡിസംബർ 3, 02:30 AM)