സംഘാടക സമിതി രൂപീകരിച്ചു

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാർഷികാഘോഷം ജില്ലയിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ കളക്ടറേറ്റിൽ സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ സംഘാടകസമിതി യോഗം തീരുമാനിച്ചു. വലിയ ജനപങ്കാളിത്തത്തോടെ ജില്ലാതല ഉദ്ഘാടനം മേയ് 18ന് കഴക്കൂട്ടത്ത് നടക്കും. വിവിധ ക്ഷേമ പദ്ധതികളുടെ ധനസഹായവിതരണവും പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും.
മേയ് 24 മുതൽ 30 വരെ വിവിധ വകുപ്പുകളും കുടുംബശ്രീയും സ്ഥാപനങ്ങളും പങ്കെടുക്കുന്ന മെഗാ പ്രദർശന-വിപണന മേള കനകക്കുന്നിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് സാംസ്‌കാരിക-കലാ പരിപാടികൾ അരങ്ങേറും. മലബാറിലെയടക്കം നാടൻ ഭക്ഷണ രുചികൾ വിളമ്പുന്ന ഭക്ഷ്യമേളയും ഇതോടനുബന്ധിച്ച് നടക്കും. എൺപതിലധികം സ്റ്റാളുകൾ ഒരുക്കും. ഹരിത നിയമാവലി പാലിച്ചാവും പരിപാടികൾ സംഘടിപ്പിക്കുക. ജില്ലയിലെ വികസന-ക്ഷേമ നേട്ടങ്ങൾ ഉൾക്കൊള്ളുന്ന വികസന ഫോട്ടോ പ്രദർശനം വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കും.
സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യരക്ഷാധികാരിയും ജില്ലയിലെ എം.പി.മാർ, എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോർപറേഷൻ മേയർ എന്നിവർ രക്ഷാധികാരികളും ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളുമാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലാ ബീഗം, സബ് കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം. ജോൺ വി. സാമുവൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ഡെപ്യൂട്ടി കളക്ടർമാരായ വി.ആർ. വിനോദ്, അനു എസ്. നായർ, നഗരസഭ ചെയർമാൻമാർ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.