സമഗ്ര, നവചേതന പദ്ധതികൾക്ക് 
ജില്ലയിൽ തുടക്കം

പട്ടികവർഗ-പട്ടികജാതി കോളനികളിലെ നിരക്ഷരത നിർമാർജനം ചെയ്യുന്നതിനായി സാക്ഷരതാമിഷൻ നടപ്പാക്കുന്ന സമഗ്ര, നവചേതന പദ്ധതികൾക്ക് ജില്ലയിൽ തുടക്കം.  ജില്ലാതല ഉദ്ഘാടനം സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല നിർവഹിച്ചു.  നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തള കുമാരി അധ്യക്ഷത വഹിച്ചു.
അഞ്ചു പട്ടികവർഗ കോളനികളിൽ സമഗ്രപദ്ധതിയും 10 പട്ടികജാതി കോളനികളിൽ നവചേതന പദ്ധതിയും നടപ്പാക്കുന്നു.  ജില്ലയിൽ നടപ്പാക്കുന്ന അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായ സാക്ഷരതാ പരീക്ഷ ജൂൺ 17 ന് തുടങ്ങും.  ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അക്ഷരലക്ഷം പാഠപുസ്തകങ്ങൾ വിതരണം ചെയ്തു.
സമ്പൂർണ സാക്ഷരത പ്രഖ്യാപന വാർഷികത്തിന്റെ ഭാഗമായി സാക്ഷരത പഠിതാക്കൾ അക്ഷരദീപം തെളിച്ചു.  മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നായർ അക്ഷരദീപം തെളിച്ചു.  ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീകാന്ത്, സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ആർ. രമേഷ് കുമാർ, നീലകണ്ഠൻ നായർ, നോഡൽ പ്രേരക്മാരായ ആർ.എസ്. കസ്തൂരി, പ്രസന്നകുമാരി, വി.എസ്. ബിന്ദു, എസ്. ലത, ബീനാറാണി എന്നിവർ പ്രസംഗിച്ചു.