ആദ്യ ദിനത്തിൽ രണ്ടായിരത്തിലധികം പേർ

തിരുവനന്തപുരത്ത് നടക്കുന്ന കരസേന റിക്രൂട്ട്‌മെന്റ് റാലിയിൽ ആദ്യദിനത്തിൽ രണ്ടായിരത്തിലധികം ഉദേ്യാഗാർഥികൾ പങ്കെടുത്തു. പാങ്ങോട് ക്യാമ്പിലെ കൊളച്ചൽ സ്റ്റേഡിയത്തിൽ നടന്ന റാലിയിൽ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ഉദേ്യാഗാർഥികളാണ് ഇന്നലത്തെ റാലിയിൽ പങ്കെടുത്തത്.  1.6 കി.മീ ഓട്ടം ഒമ്പതടി നീളമുള്ള കിടങ്ങ് ചാടി കടക്കൽ, സിഗ് സാഗ് ബാലൻസ്, പുൾ അപ് തുടങ്ങിയ കായികക്ഷമതാ പരീക്ഷകളാണ് നിയമനത്തിനായി വിജയിക്കേണ്ടത്.  ഇതു കൂടാതെ ശാരീരികക്ഷമതാ ഉദ്യോഗാർഥികൾ പരീക്ഷയിലും ഉദേ്യാഗാർഥികൾ വിജയിക്കേണ്ടതുണ്ട്.

സബ് കളക്ടർ ഡോ. ദിവ്യ. എസ്. അയ്യർ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.  ബ്രിഗേഡിയർ പി.എസ്.ബജ്‌വ, കേണൽ എസ്.കെ. പട്‌നായിക് തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള അവിവാഹിതരായ 31,000 ആൺകുട്ടികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സോൾജ്യർ ജനറൽ ഡ്യൂട്ടി, സോൾജ്യർ (ക്ലർക്ക്/സ്‌റ്റോർ കീപ്പർ), സോൾജ്യർ ടെക്‌നിക്കൽ, സോൾജ്യർ ട്രേഡ്‌സ്മാൻ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഈ മാസം 27 വരെയാണ് റാലി നടക്കുന്നത്.