മുഖാരി/മുവാരി സമുദായത്തിന്റെ ജനസംഖ്യ തിട്ടപ്പെടുത്താന്‍ നിര്‍ദേശം
കൊച്ചി: മുഖാരി – മുവാരി സമുദായത്തെ സംസ്ഥാന ഒ ബി സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷയില്‍ സമുദായത്തിന്റെ ജനസംഖ്യ തിട്ടപ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പിന്നോക്ക വിഭാഗ വികസന ഡയറക്ടര്‍ക്കും സമുദായ സംഘടനാ ഭാരവാഹികള്‍ക്കും പിന്നോക്ക വിഭാഗ കമ്മീഷന്‍ നിര്‍ദേശം നല്‍കി. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗിലാണ് മുഖാരി/മുവാരി സമുദായത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന അപേക്ഷ പരിഗണിച്ചത്.
ഈ സമുദായം കേരള സംസ്ഥാന രൂപീകരണത്തിന് മുന്‍പ് മലബാര്‍ ജില്ലയില്‍ ഒ ബി സി വിഭാഗത്തിലും തിരുവിതാംകൂര്‍ – കൊച്ചി എന്നിവിടങ്ങളില്‍ എസ്.സി. വിഭാഗത്തിലുമായിരുന്നു. സമുദായത്തിലെ കുട്ടികള്‍ക്ക് പ്രീ-മെട്രിക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കുന്നുണ്ട്. സമുദായത്തെ എസ്.സി. ലിസ്റ്റില്‍ നിന്നും മാറ്റിയപ്പോള്‍ ഒബിസി ലിസ്റ്റില്‍ പരിഗണിക്കാവുന്നതാണെന്ന് പറഞ്ഞിരുന്നു. സംസ്ഥാന ഒ ബി സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന സമുദായത്തിന് ആവശ്യം സര്‍ക്കാര്‍ നിരസിച്ചിരുന്നു. സെന്‍ട്രല്‍ ഒ ബി സി ലിസ്റ്റിലും വിദ്യാഭ്യാസ സംബന്ധമായി എസ്.ഇ.ബി സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇവരെ വീണ്ടും ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട നല്‍കിയ അപേക്ഷയാണ് കമ്മീഷനു മുന്നിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കിര്‍താഡ്‌സിന്റെയും പിന്നോക്ക വിഭാഗ വികസന ഡയറക്ട്രേറ്റിന്റെയും സമുദായ സംഘം പ്രസിഡന്റ് തുടങ്ങിയവരുടെയും വാദം കേട്ടു. സര്‍ക്കാര്‍ നിരസിക്കുന്ന അപേക്ഷ വീണ്ടും പരിഗണിക്കുന്നതിന് പ്രത്യേക സാഹചര്യങ്ങള്‍ ഉണ്ടാകണം. സമുദായത്തെപ്പറ്റി പഠനം നടത്തി കിര്‍താഡ്‌സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജനസംഖ്യ സംബന്ധിച്ച സത്യവാങ്ങ്മൂലം ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കും.
ഒ.ബി.സി. എസ്.ഇ.ബി.സി ലിസ്റ്റുകള്‍ ഏകീകരിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായി കമ്മീഷന്‍ അറിയിച്ചു. 2014-ല്‍ 30 ഒബിസി വിഭാഗങ്ങള്‍ക്ക് ഒ.ഇ.സി ആനുകൂല്യം നല്‍കിയ നടപടി പുനപരിശോധിക്കുന്നതിനുള്ള പഠനം ആരംഭിച്ചു. കമ്മീഷന്‍ വെബ് പോര്‍ട്ടലില്‍ എസ്.സി-എസ്.ടി ഒഴികെയുള്ള ജാതി ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായും കമ്മീഷന്‍ അറിയിച്ചു.
മലബാര്‍ ഭാഗം ഒഴികെയുള്ള പ്രദേശങ്ങളിലെ ബോയന്‍ വിഭാഗത്തില്‍പ്പെട്ടവരെ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്നതു സംബന്ധിച്ച വിഷയം, കോടാങ്കിനായ്ക്കന്‍ വിഭാഗത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം, ഭര്‍ത്താവ് എടുത്ത വായ്പ ഭര്‍ത്താവിന്റെ മരണ ശേഷം തിരിച്ച് അടയ്ക്കാന്‍ കഴിയാത്തതുമായി ബന്ധപ്പെട്ട് പ്രഭ എന്ന വ്യക്തി സമര്‍പ്പിച്ച പരാതി എന്നിവ പരിഗണിച്ചു. പുതിയ രണ്ട് പരാതികള്‍ ലഭിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാജന്‍, മെമ്പര്‍മാരായ അഡ്വ. വി.എ. ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി എന്നിവര്‍ പങ്കെടുത്തു.